ഷോപ്പിയാൻ ജില്ലയിലാണ് വനിതാ പൊലീസുദ്യോഗസ്ഥ വെടിയേറ്റ് മരിച്ചത്. തീവ്രവാദികളാണ് ഇവരെ വെടിവച്ചതെന്നാണ് സൂചന.
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വനിതാ പൊലീസുദ്യോഗസ്ഥയെ വെടിവച്ചു കൊന്നു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷ്യൽ ഓഫീസറായ ഖുശ്ബൂ ജാനിനെയാണ് വെടിവച്ച് കൊന്നത്. ഷോപ്പിയാൻ ജില്ലയിലെ വെഹിൽ ഗ്രാമത്തിലാണ് സംഭവം. ശ്രീനഗറിൽ നിന്ന് ഏതാണ്ട് എൺപത് കിലോമീറ്റർ ദൂരത്താണ് ഈ ഗ്രാമം.
ഉച്ചയ്ക്ക് 2.40-ഓടെ വീടിന് തൊട്ടടുത്ത് വച്ചാണ് ഖുശ്ബൂവിനെ ഒരു സംഘമാളുകൾ വെടിവച്ചത്. വെടിയേറ്റ ഉദ്യോഗസ്ഥയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീവ്രവാദികളാണ് ഖുശ്ബൂ ജാനിനെ വെടിവച്ചതെന്നാണ് സൂചന. സ്ഥലത്ത് പൊലീസും സൈന്യവും എത്തി പരിശോധന നടത്തുകയാണ്. അക്രമികൾക്കായി പ്രദേശം വളഞ്ഞ് പരിശോധന നടത്തുകയാണ് സൈന്യം.
ഒരാഴ്ചയിൽ ഇത് രണ്ടാം തവണയാണ് സമാനമായ ആക്രമണം ജമ്മു കശ്മീരിലുണ്ടാകുന്നത്. ഈ മാസം 13-ന് പുൽവാമയിൽ ഒരു സംഘം തീവ്രവാദികൾ മുൻ സൈനികനെ വെടിവച്ച് കൊന്നിരുന്നു.
പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം. പുൽവാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരർ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
