ദില്ലി: രക്ഷാബന്ധന്‍ ആഘോഷത്തിന് മുന്നോടിയായി ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ തേടിയെത്തിയത് മുപ്പതിനായിരം രാഖികള്‍.  ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് നീതി വേണമെന്ന ആവശ്യവുമായി കത്വ കേസിലെ അഭിഭാഷകയായ ദീപിക രജാവതാണ് വണ്‍ രാഖി ഫോര്‍ സഞ്‍ജീവ് ഭട്ട് എന്ന ക്യാംപയില്‍ ആരംഭിച്ചത്. ക്യാംപയിന്‍ ആരംഭിച്ച് ഒരു ദിവസം പിന്നിട്ടതോടെയാണ് 30000 രാഖികള്‍ സഞ്ജീവ് ഭട്ടിനായി എത്തിയത്. ഇവ ഭട്ടിന്‍റെ കുടുംബം അംഗീകരിച്ചു. 

ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തിൽ അരങ്ങേറിയ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായതിന് പിന്നാലെ മരിച്ച കേസിലാണ് സഞ്ജീവ് ഭട്ടിന് ജയിൽ ശിക്ഷ വിധിച്ചത്.

ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് പ്രഭുദാസ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സഞ്ജീവ് ഭട്ടിന് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.