ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നിരവധി പദ്ധതികള്‍ ജയില്‍ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള പദ്ധതികളും ജയില്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്

ഹെെദരാബാദ്: തടവുപുള്ളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതോടെ തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. തടവുകാരുടെ എണ്ണം 7000ത്തില്‍ നിന്ന് 5000 ആയാണ് കുറഞ്ഞത്. ഇതോടെ 49 ജയിലുകളില്‍ 17 എണ്ണം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.

ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നിരവധി പദ്ധതികള്‍ ജയില്‍ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായുള്ള പദ്ധതികളും ജയില്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇതിന്‍റെ ശ്രമഫലമായാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്.

ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകര്‍, അഗതികള്‍ തുടങ്ങിയവരെ താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹെെദരാബാദില്‍ ജയില്‍ മോചിതരായവരെയും തടവില്‍ കഴിയുന്നവരെയും ഉപയോഗിച്ച് പെട്രോള്‍ പമ്പുകള്‍ നടത്തുന്ന പദ്ധതിയും വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ 18 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അത് 100 ആക്കി ഉയര്‍ത്തുകയാണ് ഇനിയുള്ള ലക്ഷ്യം.