രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 21 പേർ മരിക്കുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

ജയ്പൂർ: ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ദുരന്തത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

“രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരന്തത്തിനിരയായ ആളുകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ടത്. ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ ബസിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ അപ്പോഴേക്കും ബസ് അഗ്നിഗോളമായി മാറിയിരുന്നു.

ഷോർട്ട് സർക്യൂട്ടെന്ന് സംശയം

നാട്ടുകാർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഉടൻ ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തി. പരിക്കേറ്റ യാത്രക്കാരെ ആദ്യം ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ 21 പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ 16 പേരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 16 പേരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ എല്ലാ യാത്രക്കാർക്കും ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ പ്രതാപ് സിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ജയ്സാൽമീറിലെത്തി അപകടം നടന്ന സ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച സൈനികർക്കും നാട്ടുകാർക്കും അദ്ദേഹം നന്ദി പറഞ്ഞു. പൊഖ്റാൻ എംഎൽഎ പ്രതാപ് പുരി, എംഎൽഎ സംഘ് സിംഗ് ഭാട്ടി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പട്നയിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മുഖ്യമന്ത്രി റദ്ദാക്കി. ഗവർണർ ഹരിഭാവു ബഗാഡെ, മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. സംഭവം അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് പ്രസിഡന്‍റ് ദ്രൗപതി മുർമു പറഞ്ഞു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി പ്രതികരിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും ദുഃഖം രേഖപ്പെടുത്തി.