വരാണസി ജില്ലാ കോടതി വിധി തികഞ്ഞ അനീതിയും വിവേചനപരവും പ്രതിഷേധാർഹവുമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബ് റഹ്മാൻ

കോഴിക്കോട്: ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്‍ലാമി. വരാണസി ജില്ലാ കോടതി വിധി തികഞ്ഞ അനീതിയും വിവേചനപരവും പ്രതിഷേധാർഹവുമാണെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബ് റഹ്മാൻ വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പ്. സംഘ പരിവാറിന്‍റെ വർഗീയ അജണ്ടകൾ കത്തിച്ച് നിർത്താനെ ഇത്തരം വിധികൾ സഹായകമാവൂ എന്നും മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി ഉറപ്പ് നൽകി, കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് വലിയ ആശ്വാസം! വിവരിച്ച് മന്ത്രിയും ലീഗും

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും സുപ്രീം കോടതി നിർദേശങ്ങൾക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീർപ്പ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. പൂജക്ക് അനുമതി നൽകുന്നതിലൂടെ ഇത് ലംഘിക്കുകയാണെന്നും മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.

രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്‍റെയും കോടതികളുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന തുടർച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കും. രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങൾ ഇതിനെതിരെ രംഗത്തുവരണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വെൽഫെയർ പാർട്ടിയുടെ പ്രതികരണം ഇപ്രകാരം

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി കൊടുത്ത വരാണസി ജില്ല കോടതിവിധി 1991 ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമെന്നാണ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള ഹിന്ദുത്വ കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ആരാധനാലയ നിയമം കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി ഇടപെടണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

വാരാണസി ജില്ലാകോടതി ഉത്തരവ് ഇപ്രകാരം

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ജില്ലാകോടതി അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വി​ഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.