ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് ഹാക്കര്‍മാര്‍  സൈറ്റില്‍ പോസ്റ്റ് ചെയ്തു. 

''ജാമിയയിലെ വിദ്യാര്‍ത്ഥികളെ പിന്തുണക്കാന്‍ ഹാക്ക് ചെയ്തത് ഡാര്‍ക്ക് നൈറ്റ്... ജൈ ഹിന്ദ് ! '' - എന്ന് വെബ്സൈറ്റില്‍ അവര്‍ കുറിച്ചിട്ടു. സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് പുറത്തുനിന്നുള്ള കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ഈ സര്‍വറാണ് ഹാക്ക് ചെയ്തത്. കമ്പനിതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൈറ്റ് തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സര്‍വ്വകലാശാല വക്താവ് അറിയിച്ചു. 

''ബുദ്ധിയുള്ള ജാമിയയിലെ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തലിനെതിരായ പ്രതിഷേധം തുടരുക. മുന്നേറ്റം ഇല്ലാതാകാന്‍ ഇട നല്‍കരുത്. എല്ലാതവണയും അവര്‍ നിങ്ങളെ മര്‍ദ്ദിക്കുമ്പോഴും കൂടുതല്‍ ശക്തരായി ഉയിര്‍ത്തെഴുന്നേല്‍ക്കുക. ശക്തരായി ഉയരുക! ശക്തരായി ഉയരുക! ശക്തരായി ഉയരുക! '' - സന്ദേശം വ്യക്തമാക്കുന്നു. 

'മൂന്ന് ആവശ്യങ്ങളാണ് ഹാക്കര്‍മാര്‍ മുന്നോട്ട് വയ്ക്കുന്നത് :- ''പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, എന്‍ആര്‍സി പിന്‍വലിക്കുക, നിയമവിരുദ്ധമായി തടവിലാക്കിയ വിദ്യാര്‍ത്ഥികളെ വിട്ടയക്കുക, പൊലീസിന്‍റെ ക്രൂരതയില്‍ അന്വേൽണം നടത്തുക... '' പ്രതിഷേധത്തില്‍ നിശബ്ദതപാലിക്കുന്ന ജെഎന്‍യു വൈസ് ചാന്‍സലര്‍ക്കെതിരെയും ഹാക്കര്‍മാര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. 

കാമ്പസിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ്. ഇന്ന് മന്ദി ഹൗസിലും ചന്തര്‍മന്തറിലും നടക്കുന്ന പ്രതിഷേധത്തില്‍ ഇവര്‍ പങ്കെടുക്കും.