ദില്ലി: ജമ്മുകാശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ പാർപ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ സുപ്രീംകോടതി ഇന്ന്  വാദം കേൾക്കും. ഇന്നലെ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗ‍ഡർ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു.  കാരണം വ്യക്തമാക്കാതെയായിരുന്നു പിന്മാറ്റം. 

ഹർജിയില്‍ മറ്റൊരു ബഞ്ചാണ് ഇനി ഇന്ന് വാദം കേൾക്കുക. കേന്ദസർക്കാറിന്‍റെ രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് ഒമർ അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം.  കാശ്മീർ പുനസംഘടനക്ക് ശേഷം  കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്.  

അതിനിടെ  വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടാമത്തെ സംഘം ജമ്മുകശ്മീരില്‍ നടത്തുന്ന സന്ദര്‍ശനം ഇന്നും തുടരും. കശ്മീരിനെക്കുറിച്ചുള്ള പ്രമേയത്തിൽ യൂറോപ്യൻ പാർലമെൻറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. ഇന്നലെയാണ് സംഘം സന്ദര്‍ശനം തുടങ്ങിയത്.