സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു.  ഒടുവില്‍ 73 വര്‍ഷങ്ങള്‍ക്ക് ശേഷം  കുപ്‌വാര ജില്ലയിലെ മാച്ചില്‍ ഗ്രാമത്തിലേക്ക് വെളിച്ചമേകി വൈദ്യുതി എത്തി. 

ദില്ലി: രാജ്യം ഓരോ സ്വാതന്ത്യദിനവും ആഘോഷിക്കുമ്പോഴും കശ്മീരിലെ ഈ ഗ്രാമത്തിലെ ആഘോഷങ്ങള്‍ക്ക് വെളിച്ചമേകാന്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടു. ഒടുവില്‍ 73 വര്‍ഷങ്ങള്‍ക്ക് ശേഷം കുപ്‌വാര ജില്ലയിലെ മാച്ചില്‍ ഗ്രാമത്തിലേക്ക് വെളിച്ചമേകി വൈദ്യുതി എത്തി. ഇന്ത്യ-പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള ഈ ഗ്രാമത്തില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു.

ഇതുവരെ മാച്ചില്‍ സെക്ടറിലെ ഗ്രാമങ്ങളിലേക്ക് ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി എത്തിച്ചിരുന്നത്. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ ഇത്തരത്തില്‍ വൈദ്യുതി ലഭിക്കും. ജനറേറ്ററിന് പകരം ഗ്രിഡുകള്‍ മുഖേന ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തുമ്പോള്‍ ഇനി 24 മണിക്കൂറും വൈദ്യുതി ലഭിക്കും. ഗ്രാമത്തില്‍ ഒന്‍പത് പഞ്ചായത്തുകളിലായി 25000 പേരാണ് താമസിക്കുന്നത്..

Scroll to load tweet…

സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരിലെ മറ്റൊരു അതിര്‍ത്തി ഗ്രാമമായ കേരനില്‍ വൈദ്യുതി എത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് മാച്ചില്‍ ഗ്രാമവും വൈദ്യുതീകരിച്ചത്. അടുത്ത വര്‍ഷത്തോടെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വ്യക്തമാക്കി.