ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാവരും കരുതൽ തടങ്കലിൽ തുടരുമ്പോഴും ജമ്മു കശ്മീരിൽ പ്രാദേശിക തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മു കശ്മീരിന്‍റെ ബ്ലോക്ക് വികസന കൗൺസിലുകളിലേക്കുള്ള (ബിഡിസി) തെരഞ്ഞെടുപ്പ് ഒക്ടോബർ 24-ന് നടക്കും. വോട്ടെണ്ണലും അന്ന് തന്നെയാണ്. ജമ്മു കശ്മീരിൽ പഞ്ചായത്തീരാജ് നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ബ്ലോക്ക് വികസന കൗൺസിലുകൾ. പാർട്ടി അടിസ്ഥാനത്തിൽ തന്നെയാകും തെരഞ്ഞെടുപ്പെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം. 

''വോട്ടെടുപ്പും വോട്ടെണ്ണലും ഒരേ ദിവസം തന്നെ നടത്താനാണ് തീരുമാനം'', ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശൈലേന്ദ്രകുമാർ വ്യക്തമാക്കി. 

പൊതുജനങ്ങൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പല്ല ഇത്. പഞ്ചുമാരും സർപഞ്ചുമാരുമാണ് ഇതിൽ പങ്കെടുക്കുന്നത്. ബിഡിസി തെരഞ്ഞെടുപ്പിൽ ആദ്യം പഞ്ചുമാരും സർപഞ്ചുമാരും ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കും. അതിന് ശേഷം, ജില്ലാ വികസന ബോർഡുകൾ (ഡിഡിബി)കൾ രൂപീകരിക്കും. ഓരോ ഡിഡിബിയിലും ബിഡിസി ചെയർമാൻമാരോടൊപ്പം അതാത് ജില്ലയിലെ എംഎൽഎമാരും എംപിമാരും ഉണ്ടാകും. ജമ്മു കശ്മീരിൽ പഞ്ചായത്ത് ഭരണം നടപ്പാക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളാണ് ഇവ. 

ആകെ 310 ബ്ലോക്കുകളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതിൽ 172 സീറ്റുകൾ പട്ടികജാതി/വർഗ വിഭാഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്തിട്ടുള്ളതാണ്. 26,629 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 8313 പേർ സ്ത്രീകളാണ്. 18,316 പേർ പുരുഷൻമാരും. 50 ശതമാനത്തിലേറെ ബ്ലോക്കുകളും, അതായത് 168 എണ്ണം, കശ്മീർ താഴ്‍വരയിലാണ്.

2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് ജമ്മു കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 23,629 പഞ്ചുമാരെയും 3652 സർപഞ്ചുമാരെയും തെരഞ്ഞെടുത്തിരുന്നു. എന്നാൽ 61 ശതമാനം വാർഡുകളും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സർപഞ്ച് വാർഡുകളും 45 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. 

തെരഞ്ഞെടുപ്പ് എങ്ങനെ?

താഴ്‍വരയിലെ നേതാക്കളെല്ലാം തടവിലായിരിക്കെ, എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്ന ചോദ്യത്തിന്, 'ഏതെങ്കിലും സ്ഥാനാർത്ഥികൾ സഹായം ചോദിച്ച് സമീപിച്ചാൽ തീർച്ചയായും സഹായം നൽകു'മെന്നായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി. 

ഒഴിഞ്ഞുകിടക്കുന്ന പ‍‌ഞ്ചായത്ത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ല. അതിന് വോട്ടർ പട്ടിക പുതുക്കേണ്ടതുണ്ടെന്നും, സമയമെടുക്കുമെന്നും ശൈലേന്ദ്രകുമാർ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകില്ലെന്നും പാർട്ടി അടിസ്ഥാനത്തിൽത്തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും ശൈലേന്ദ്രകുമാർ പറയുന്നു. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാൽ അത് നൽകുമെന്നും ശൈലേന്ദ്രകുമാർ അറിയിച്ചു.