Asianet News MalayalamAsianet News Malayalam

സമാധാനത്തിന്റെ കിളിവാതിലുകൾ തുറന്ന് ജമ്മു കശ്മീർ

പ്രായോഗിക രാഷ്ട്രീയം എന്നത് ഏറെ മെയ്വഴക്കം ആവശ്യമുള്ള ഒന്നാണ്. മുന്നിൽ വരുന്ന അവസരങ്ങൾ ഒന്നും തന്നെ അവിടെ പാഴാക്കാൻ പാടില്ല .

jammu kashmir opening doors of peace and concensus pm modi talks
Author
Delhi, First Published Jun 26, 2021, 12:01 PM IST

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

ജമ്മു കാശ്മീർ ഒരുകാലത്തും സമാധാനത്തിന്റെ പ്രതീകമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ, അതിനെ സമാധാനവുമായി ബന്ധിപ്പിച്ചുകൊണ്ട് ആരെങ്കിലും പരാമർശിക്കുമ്പോൾ പലരും അത്ഭുതം കൂറാറുണ്ട്. വിശേഷിച്ച് മുന്നജണ്ടകൾ ഒന്നും കൂടാതെ, 2021 ജൂൺ 24 ന്, ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിന്റെ പ്രാഥമിക ലക്‌ഷ്യം തന്നെ താഴ്‌വരയിൽ  സമാധാനം പുനഃസ്ഥാപിക്കുക, പ്രാദേശിക രാഷ്ട്രീയ കക്ഷികളെ  സമവായത്തിന്റെ പാതയിലൂടെ ചേർത്ത് നടത്തുക എന്നിവയാണ്. ഈ യോഗത്തിൽ പങ്കെടുക്കാനായി കേന്ദ്രഭരണ പ്രദേശത്തിന്റെ രണ്ട് വിഭാഗങ്ങളിൽ നിന്നുമുള്ള മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് ക്ഷണമുണ്ടായി. അവരിൽ പലരും കഴിഞ്ഞ കുറെ മാസങ്ങളായി തുറുങ്കിൽ കഴിഞ്ഞിരുന്നവരാണ്. ഈ ദിശയിലുള്ള നീക്കങ്ങൾക്കും തയ്യാറാവുക എന്നതാണ് ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയത്തിന്റെയും യഥാർത്ഥ സൗന്ദര്യം.

ജമ്മു കശ്മീർ രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അത്, 2019 ആഗസ്റ്റ് 5 മുതലുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നീക്കങ്ങളുടെ പിന്നിലെ അജണ്ട , ജമ്മു കശ്മീരിനെ പൂർണമായ അർത്ഥത്തിൽ ഇന്ത്യൻ യൂണിയനുമായി ചേർക്കലാണ് എന്നാണ്. ആദ്യം തന്നെ ആർട്ടിക്കിൾ  370 യുടെ നിലവിലെ ഭരണഘടനാ സാധുത നിശിതമായ പുനർവായനകൾക്ക് വിധേയമാക്കി. പിന്നീട് സംസ്ഥാനത്തെ ജമ്മു കശ്മീർ  എന്നും ലഡാക്ക് എന്നും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. പ്രദേശത്തെ ഭീകരപ്രവർത്തനങ്ങൾക്കും നുഴഞ്ഞുകയറ്റങ്ങൾക്കും അറുതിവരുത്താൻ വേണ്ടിയുള്ള കാര്യക്ഷമമായ കർമ്മപദ്ധതികൾ വിഭാവനം ചെയ്യപ്പെട്ടു. ഈ നടപടികളോടുള്ള തുടക്കത്തിലെ പ്രതികരണം ഒഴിച്ചാൽ, പ്രാദേശിക തലത്തിലെ റിക്രൂട്ട്‌മെന്റിനു കാര്യമായ കുറവുണ്ടായി. ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച്, അഴിമതി തുടച്ചു നീക്കുന്നതിനും; ജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ എത്തിക്കുന്നതിനും  വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ  യൂണിയൻ ടെറിട്ടറി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതോടെ, ജമ്മു കശ്മീർ നിവാസികളുടെ മനോഭാവത്തിലും മാറ്റങ്ങൾ പ്രകടമാവുന്നുണ്ട്. അവർക്കിപ്പോൾ ശോഭനമായ ഒരു ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുണ്ട്. അവരുടെ മനസ്സുകളിൽ നിന്നും അന്യതാബോധത്തെ പാടെ തുടച്ചുനീക്കാൻ സാധിച്ചു എന്നല്ല പറയുന്നത്. പലരും ഏറെക്കുറെ നിഷ്പക്ഷമായിത്തന്നെ കാര്യങ്ങളെ നോക്കിക്കണ്ടു തുടങ്ങി. 

താഴ്‌വരയിൽ വിഘടനവാദം പ്രചരിപ്പിക്കുന്ന നേതാക്കളെ ഒന്നടങ്കം കേന്ദ്രം ഇടപെട്ട് കരുതൽ തടങ്കലിൽ ആക്കിയതോടെ, തെരുവിൽ കല്ലേറും കലാപവും നടത്തുന്നവർ ഒന്നടങ്ങിയ മട്ടുണ്ട്. ഈ നേതാക്കളിൽ പലരും ഇന്നും തടങ്കലിൽ തന്നെ തുടരുകയാണ്. ജമ്മു കാശ്മീരിലേക്കുള്ള ഇന്റർനെറ്റ് ബന്ധം ദീർഘകാലത്തേക്ക് റദ്ദാക്കേണ്ടി വന്നത് പല മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും രോഷപ്രകടനങ്ങൾക്ക് നിമിത്തമായി എങ്കിലും അതും ഭീകരവാദത്തെ നിയന്ത്രിക്കുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. കശ്മീരിലെ ജനങ്ങളെ മുൻനിർത്തി പിന്നിൽ നിന്നും കലാപങ്ങൾക്ക് ചരടുവലികൾ നടത്തിയിരുന്ന പലരും അതോടെ നിർവീര്യമാക്കി. 

ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും, ജമ്മു കാശ്മീരിനെ തിരികെ പഴയ സംസ്ഥാന പദവിയിലേക്ക് കൊണ്ടുപോകുക നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങൾള്ള ഇതുവരെ വീണ്ടും കാറ്റുപിടിച്ചിട്ടില്ല. അതിനു കാരണം രണ്ടാണ്. ആദ്യത്തേത് തീർച്ചയായും കൊവിഡ് മഹാമാരിയുടെ യാതനകൾ തന്നെയാണ്. രണ്ടാമത്തേത് പുതിയ ഭരണഘടനാ പദവി വരുത്തിയ മാറ്റങ്ങൾ കാരണം മാറിയ രാഷ്ട്രീയ മാനസികാവസ്ഥയും അതുമായി ബന്ധപ്പെട്ട ജീവിതയാഥാർഥ്യങ്ങളും ആയിരുന്നു. ജമ്മു കശ്മീരിലെ ആഭ്യന്തര അവസ്ഥയെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തി വേണ്ടത് ചെയ്യാൻ കേന്ദ്രത്തിനായി എന്നതും ഒരു പരിധിവരെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്.  നിലവിലെ അന്താരാഷ്ട്ര, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ജമ്മു കശ്മീരിനെ കൂടുതൽ സുസ്ഥിരമാക്കുന്നതിന് സഹായകരമായിട്ടുണ്ട് എന്നതും വിസ്മരിക്കാവതല്ല. അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാൻ സൈന്യത്തെ പിൻവലിക്കാനുള്ള തിടുക്കം അമേരിക്കയുടെ പക്ഷത്ത് പ്രകടമാവുമ്പോൾ, താലിബാൻ കാബൂളിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുമ്പോൾ, പോകെപ്പോകെ പാക്കിസ്ഥാന്റെ ശ്രദ്ധയും അവിടേക്ക് മാറിയിട്ടുണ്ട്.  പാക്കിസ്ഥാൻ തങ്ങളുടെ പിന്നാംപുറമെന്ന പോലെ കാണുന്ന ഒരു പ്രദേശത്ത് താലിബാന്റെ സ്വാധീനം ഏറുന്നത് നാളെ തങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയർത്തിയേക്കും എന്ന് പാകിസ്താന് നിശ്ചയമുണ്ട്. നാളെ ഇതേ താലിബാൻ പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ അന്തരീക്ഷത്തെയും വഷളാക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വര്ഷം കൊണ്ട് പട്ടാളത്തെ കൂടുതലായി നിയോഗിച്ച ഒരുവിധം തങ്ങളുടെ ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങൾ മെച്ചപ്പെടുത്തി എടുത്ത പാകിസ്താന് അത് അനുവദിക്കാനാവില്ല. അഫ്ഗാനിസ്ഥാനിൽ തിരക്കിട്ട ഓപ്പറേഷൻസ് നടക്കുമ്പോൾ, അതിനു സമാന്തരമായി ജമ്മു കശ്മീരിൽ കൂടി ഇടപെടാൻ അവർക്ക് സാധിക്കില്ല. സ്വന്തം രാജ്യത്തെ പരിതാപകരമായ തുടരുന്ന സാമ്പത്തിക സ്ഥിതി,FATF അടക്കമുള്ള സംഘടനകളുടെ കർശനമായ നിരീക്ഷണം എന്നിവ കാരണം,  ഇന്ത്യൻ അതിർത്തിയിൽ തല്ക്കാലം ഒരു വെടിനിർത്തലിന് നമ്മുടെ അയാൾ രാജ്യം നിർബന്ധിതമായിട്ടുണ്ട്. അത്, ഇന്നോളമുള്ള അവരുടെ ജമ്മു കശ്മീരിലെ സജീവമായ ഇടപെടലിൽ നിന്നും, അണിയറയിൽ നിന്നുകൊണ്ട് ഇന്ത്യൻ മണ്ണിൽ നടത്തിപ്പോന്നിരുന്ന കുത്സിത പ്രവർത്തനങ്ങളിൽ നിന്ന് ഒരുപടി പിന്നോട്ട് പോരേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 ഉടനടി പുനഃസ്ഥാപിക്കുക തുടങ്ങി, തങ്ങൾക്ക് അഭിപ്രായം പറയാൻ ഒരർഹതയും ഇല്ലാത്ത വിഷയങ്ങളിൽ  വിചിത്രമായ ആവശ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, തങ്ങളുടെ കശ്മീരിലെ സ്വാധീനം നിലനിർത്താൻ അവർ ശ്രമിക്കുന്നുണ്ട്.


അതിനാൽ, ജമ്മു കശ്മീർ ഒരു അന്തർ‌ദ്ദേശീയ ശ്രദ്ധാകേന്ദ്രം അല്ലാതെ ആവുകയും  പാക്കിസ്ഥാന്റെ സജീവമായ ഇടപെടൽ ഇനി അവിടെ സാധ്യമല്ലാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തതിനാൽ, ജമ്മു കാശ്മീരിൽ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കാൻ കുറേക്കൂടി വേഗത്തിൽ തന്നെ സാധിച്ചേക്കും. മാറിയ സാഹചര്യത്തിനൊപ്പിച്ച് ഒരു പുതിയ രാഷ്ട്രീയസമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത നിലവിലെ സാഹചര്യത്തിൽ ഇനി പന്ത് ജമ്മു കശ്മീരിലെ സടകൊഴിഞ്ഞ സിംഹങ്ങളുടെ കോർട്ടിലാണ്. ഡിഡിസി തിരഞ്ഞെടുപ്പുകളിലേതുപോലെ, ഇനിയും പ്രദേശത്തെ രാഷ്ട്രീയ വ്യവഹാരത്തെ സ്വാധീനിക്കാൻ അവർക്ക് സാധിക്കും.  അതുകൊണ്ടാണ് ഈ ഒരവസരം പാഴാക്കരുതെന്ന് എന്നുകരുതി കേന്ദ്ര നേതൃത്വം ജമ്മുകശ്മീരിലെ മുതിർന്ന നേതാക്കളോട് ഇതുവരെ പ്രകടിപ്പിച്ചുപോന്ന കർക്കശമായ നിലപാടിൽ അയവുവരുത്തി, അവരെക്കൂടി സമവായ ചർച്ചകളുടെ ഭാഗമാക്കി മാറ്റിയത്. 

പ്രായോഗിക രാഷ്ട്രീയം എന്നത് ഏറെ മെയ്വഴക്കം ആവശ്യമുള്ള ഒന്നാണ്. മുന്നിൽ വരുന്ന അവസരങ്ങൾ ഒന്നും തന്നെ അവിടെ പാഴാക്കാൻ പാടില്ല .  ജമ്മു കശ്മീരിലെ രാഷ്ട്രീയക്കാരെ ഒന്നടങ്കം ചർച്ചയ്ക്ക് ക്ഷണിക്കുന്നതിലൂടെ പ്രാദേശിക രാഷ്ട്രീയത്തിൽ പ്രകടമായിരുന്നു വിഷലിപ്തതയെ ഏറെക്കുറെ നിർവീര്യമാക്കുകയും കൂടുതൽ പ്രാധാന്യമർഹിക്കുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി പുതിയ ചർച്ചകളുണ്ടാകാൻ കാരണമാവുകയും ചെയ്തു.. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണം എന്നുള്ള ആവശ്യം ഇപ്പോൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒന്നാണ് എന്നും, ഇനിയും അതിനുവേണ്ടി വാദിക്കുന്നത് വ്യാമോഹമാണ് എന്നുമുള്ള തിരിച്ചറിവ് ഇന്ന് പല നേതാക്കൾക്കും ഉണ്ട്. 
 ഒരു ഒത്തുതീർപ്പ് എന്ന നിലയ്ക്ക് പലരും ഇന്ന് കരുതുന്നത് ജമ്മു കാശ്മീരിനെ പഴയ പോലെ സംസ്ഥാനമെങ്കിലും ആക്കിക്കിട്ടിയാൽ മതി എന്നാണ്.  ജമ്മു കാശ്മീരിനെ സംസ്ഥാനം എന്ന നിലയിൽ നിന്ന് കേന്ദ്ര ഭരണപ്രദേശം എന്നതിലേക്ക് തരാം താഴ്ത്തുക വഴി കേന്ദ്രം ശരിക്കും അവിടത്തെ പ്രാദേശിക നേതാക്കളെ നിലയ്ക്ക് നിർത്താനുളള ഒരു തുറുപ്പുശീട്ട് തന്നെയാണ് ഇറക്കിയിരിക്കുന്നത് എന്ന് ആർക്കും മനസ്സിലാക്കാവുന്ന ഒരു വസ്തുതയാണ്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എന്ന ആവശ്യത്തിന് പതിയെ ശക്തി കുറയുകയും, പതുക്കെ അതാരും പറയാതാവുകയും ചെയ്യുനത്തോടെ, സംസ്ഥാന പദവിയുടെ പുനഃസ്ഥാപനം എന്നതാണ് ഇപ്പോൾ നേതാക്കൾ പ്രായോഗിക തലത്തിൽ നേടിയെടുക്കാവുന്ന ഒന്നെന്നു കരുതുന്നത്. 

മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം എന്തെങ്കിലുമൊക്കെ രാഷ്ട്രീയ പ്രസ്താവനകൾക്കായി പലരും കാത്തിരിക്കുന്നുണ്ടാവും എങ്കിലും, ഇങ്ങനെ നിരവധി മീറ്റിംഗുകളിൽ ആദ്യത്തേതായ ഒന്നിൽ നിന്ന് വിശേഷിച്ചൊരു  ഫലവും പ്രതീക്ഷിക്കാതിരിക്കുന്നതത്വവും വിവേകം.  ജമ്മു കശ്മീർ ഇനി അധികകാലം ഒരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇരിക്കേണ്ടി വരില്ലെന്നും ഒടുവിൽ ഡീലിമിറ്റേഷൻ പൂർത്തിയാകുകയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും എന്നുമാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. അത് സമ്പൂർണ്ണ ജനാധിപത്യം പുനഃസ്ഥാപിക്കുമാകും, താമസിയാതെ അതിന്റെ സംസ്ഥാന പദവി തന്നെയും പുനഃസ്ഥാപിക്കപ്പെട്ടു എന്ന് വരും. ജമ്മു കശ്മീർ രാഷ്ട്രീയക്കാർക്കൊന്നും അതിർത്തി പുനർനിർണയത്തെ എതിർക്കുന്നതായി തോന്നുന്നില്ല. 1963, 1975, 1995 എന്നീ വർഷങ്ങളിൽ ഭരണഘടനാ ആവശ്യമനുസരിച്ച് ജമ്മു കശ്മീരിൽ മുമ്പും അതുണ്ടായിട്ടുണ്ട് എന്നത് മറന്നു പോയിട്ടുള്ളവർക്കേ, അല്ലെങ്കിൽ അതേപ്പറ്റി അജ്ഞതയുള്ളവർക്കേ അതൊരു അശ്ലീലപദമായി അനുഭവപ്പെടൂ.

'ദിൽ കി ദൂരി, ദില്ലി കി ദൂരി’ രണ്ടും കുറയ്ക്കണം എന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശം, ഇടപെടയുന്നവരുടെ ഹൃദയവും മനസ്സും കീഴടക്കണം എന്നുള്ള പഴയ ഇന്ത്യൻ സൈന്യത്തിന്റെ നയത്തിന് കൂടുതൽ ശക്തി പകരും. ഈ പ്രക്രിയ ഇനി നടക്കുക കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിൻബലത്തോടെ തന്നെയാവും. ഈ ചർച്ചകളുടെയും സമവായ യോഗങ്ങളുടെയും ഭാവി ഫലങ്ങൾ എന്താവും എന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. എന്നാലും, കേന്ദ്രവും ജമ്മുകാശ്മീരും ഒരുപോലെ ചിന്തിക്കുക എന്നത് ദേശവിരുദ്ധ പ്രവണതകളെ പരാജയപ്പെടുത്തുന്നതിനും ജമ്മു കശ്മീരിന്റെ നിത്യനിദാനത്തിലുള്ള വൈദേശിക ശക്തികളുടെ സ്വാധീനം എഴിവാക്കാനും അത്യന്താപേക്ഷിതമാണ്. ഇത് കൂടുതൽ കൂടിയാലോചനയുടെയും അഭിപ്രായ സമന്വയത്തിന്റെയും തുടക്കമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. രണ്ടും ഇത്തരുണത്തിൽ അത്യാവശ്യമുളള കാര്യങ്ങൾ തന്നെയാണ്. 

 

(ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ)

Follow Us:
Download App:
  • android
  • ios