Asianet News MalayalamAsianet News Malayalam

ഗുജറാത്ത് വോട്ടെടുപ്പിന് 3 ദിനം മാത്രം; ബിജെപിക്ക് തിരിച്ചടി, മുൻ മന്ത്രി കോൺഗ്രസിൽ, സ്വീകരിക്കാൻ ഖാർഗെ എത്തി

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി ജെ പി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്

Jay Narayan Vyas joins congress ahead of gujarat poll 2022
Author
First Published Nov 28, 2022, 6:41 PM IST

അഹമ്മദാബാദ്: സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കാൻ 3 ദിനം മാത്രം ശേഷിക്കെ ഗുജറാത്തിൽ ബി ജെ പിക്ക് തിരിച്ചടി. പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു. ഗുജറാത്തിലെ പ്രമുഖ നേതാവും മുൻമന്ത്രിയുമായ ജയ നാരായൺ വ്യാസാണ് കോൺഗ്രസിൽ ചേർന്നത്. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വ്യാസിന് ഇക്കുറി സീറ്റ് നൽകിയിരുന്നില്ല. ഇതോടെ കലഹം മൂത്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാസ് പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തിയത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്‍റെ കോൺഗ്രസ് പ്രവേശനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഖാർഗെയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബി ജെ പി സർക്കാരിൽ മന്ത്രിയായിരുന്നു വ്യാസ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ മുൻ മന്ത്രി കൂടി പാളയം മാറിയെത്തിയത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

അതേസമയം182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ 1 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പും ഡിസംബ‌ർ 5 ാം തീയതി രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. എന്നാല്‍ ഇക്കുറി ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് കോണ്‍ഗ്രസ് അവകാശവാദം. അതേസമയം തന്നെ അട്ടിമറി വിജയം സ്വപ്നം കണ്ട് ആം ആദ്മിയും വലിയ പോരാട്ടമാണ് പുറത്തെടുക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറ‍ഞ്ഞു നിൽക്കുകയാണ്. വലിയ വിജയ പ്രതീക്ഷ തന്നെയാണ് ഇരു നേതാക്കളും പങ്കുവയ്ക്കുന്നതും. എന്തായാലും ഇക്കുറി പതിവിലും വാശിയേറിയ പോരാട്ടത്തിന് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്.

തെരഞ്ഞെടുപ്പ് യോഗത്തിനിടെ കല്ലേറ്, ഒരു കുട്ടിക്ക് പരിക്ക്; ബിജെപിയെ പഴി ചാരി ആം ആദ്മി പാർട്ടി

Follow Us:
Download App:
  • android
  • ios