കോൺഗ്രസ് വിട്ട് വന്ന എംഎൽസി രഘു ആചാറിന് ചിത്രദുർഗയിൽ സീറ്റ് നൽകി. വരുണയിൽ സിദ്ധരാമയ്യയ്ക്ക് എതിരെ ഡോ. ഭാരതി ശങ്കർ മത്സരിക്കും. 

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്. കോൺഗ്രസ് വിട്ട് വന്ന എംഎൽസി രഘു ആചാറിന് ചിത്രദുർഗയിൽ സീറ്റ് നൽകി. വരുണയിൽ സിദ്ധരാമയ്യയ്ക്ക് എതിരെ ഡോ. ഭാരതി ശങ്കർ മത്സരിക്കും. 

നേരത്തെ, കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടികയിൽ 43 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്.

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ബിജെപിയിലെ പാളയത്തിൽ പട വോട്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സാവഡി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 

കുമാരസ്വാമിയുടെ വാശി വിജയിച്ചു; ഭവാനി രേവണ്ണയ്ക്ക് സീറ്റില്ല

ജയിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന തർക്കമാണ് കർണാടക കോൺഗ്രസിൽ നിലനിന്നിരുന്നത്. സിദ്ധരാമയ്യയ്ക്കും ഡി കെ ശിവകുമാറിനും മുഖ്യമന്ത്രി കസേരയിൽ നോട്ടമുണ്ട്. സിദ്ധരാമയ്യ ഇത് സമ്മതിച്ചിട്ടുമുണ്ട്. കോലാറിൽ സിദ്ധരാമയ്യ മത്സരിക്കുന്ന കാര്യത്തിലുള്ള തർക്കത്തിൽ തട്ടിയാണ് രാഹുൽ പങ്കെടുക്കുന്ന പരിപാടി പലതവണയായി മാറ്റി വച്ചത്.