പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്‌ഠേനയായിരുന്നെന്നും ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു. 

ദില്ലി: വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു. ബുധനാഴ്ചയാണ് ജെഡിയു ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ജെഡിയു തീരുമാനം. പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം ഐക്യകണ്‌ഠേനയായിരുന്നെന്നും ജനറല്‍ സെക്രട്ടറി കെസി ത്യാഗി എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നത് ബിഹാറിലെ സഖ്യത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി.

ബിഹറില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഭരിക്കുന്നത്. ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെഡിയു നേതാവ് നിതീഷ് കുമാറാണ് മുഖ്യമന്ത്രി. 2017ല്‍ ജെഡിയു യുപിയില്‍ മത്സരിക്കാത്തത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു. ബിഹാറിനോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമാണ് യുപി. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് പ്രചാരമുണ്ട്. അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചെന്നും ത്യാഗി വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് ജെഡിയു നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ബിജെപി മുന്നണി മര്യാദ കാണിച്ചില്ലെന്ന് ജെഡിയു ആരോപിച്ചിരുന്നു.