ജയ്ഷെ മുഹമ്മദിന്റെ കമ്മാന്ററാണ് നെൻഗ്രൂവെന്നാണ് വിവരം.  കശ്മീരിൽ ടെറർ സിന്റിക്കേറ്റ് നിയന്ത്രിച്ചയാൾ എന്നാണ് നെൻഗ്രൂവിനെ കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്

ശ്രീനഗർ: പോലീസിന്റെ ഭീകരവാദി പട്ടികയിൽ ഉൾപ്പെട്ട കശ്മീരി യുവാവിന്റെ വീട് ഇടിച്ചു നിരത്തി. പുൽവാമ ജില്ലയിലെ ആഷിഖ് അഹമ്മദ് നെൻഗ്രൂവിന്റെ വീടാണ് ഇടിച്ചു നിരത്തിയത്. പാക് അധീന കശ്മീരിൽ നിന്ന് തീവ്രവാദ പരിശീലനം നേടി തിരികെയെത്തിയ ആളാണ് നെൻഗ്രൂവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സർക്കാർ ഭൂമി കയ്യേറിയുള്ള നിർമ്മാണമായത് കൊണ്ടാണ് വീട് പൊളിച്ചതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. രാജ്പോരയിലെ ന്യൂ കോളനിയിലെ വീടാണ് ഇടിച്ചത്. സൈനിക സുരക്ഷയിലായിരുന്നു വീട് ഇടിച്ചുനിരത്തിയത്.

ജയ്ഷെ മുഹമ്മദിന്റെ കമ്മാന്ററാണ് നെൻഗ്രൂവെന്നാണ് വിവരം. കശ്മീരിൽ ടെറർ സിന്റിക്കേറ്റ് നിയന്ത്രിച്ചയാൾ എന്നാണ് നെൻഗ്രൂവിനെ കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. ജയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്ഹറിന്റെ മരുമകനായ ഇദ്രീസിനെ കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ സഹായിച്ചത് നെൻഗ്രൂവാണെന്നും റിപ്പോർട്ടിലുണ്ട്. നെൻഗ്രൂവിന്റെ സഹോദരൻ അബ്ബാസ് അഹമ്മദ് നെൻഗ്രൂ 2014 ൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരനായിരുന്നു. മറ്റൊരു സഹോദരൻ മൻസൂർ അഹമ്മദ് നെൻഗ്രൂവിനെ ഈ വർഷം സെപ്തംബറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരുടെ ഇളയ സഹോദരൻ റിയാസ് നെൻഗ്രൂ ഭീകരവാദ കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ തടവിൽ കഴിയുകയായിരുന്നു.

ആഷിഖ് നെൻഗ്രൂവിന് 36 വയസാണ് പ്രായം. ഇയാൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. അതിനിടെ കശ്മീരിലെ സജീവ ലഷ്‌കർ-ഇ-തോയ്ബ ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എൻഐഎ. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ദക്ഷിണ കശ്മീരിൽ പലയിടത്തായി പതിച്ച എൻഐഎ പോസ്റ്ററിൽ വ്യക്തമാക്കുന്നു.