ജെറ്റ് എയര്‍വേയ്സില്‍ സാമ്പത്തിക  പ്രതിസന്ധി രൂക്ഷം. മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട്  പൈലറ്റുമാര്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. 


ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വേയ്സില്‍ ശമ്പളം മുടങ്ങുന്നതിനെതിരെ പ്രതിഷേധിച്ച് പൈലറ്റുമാര്‍. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചിരിക്കുകയാണിവര്‍. 

'എയര്‍ലൈന്‍ തകര്‍ച്ചയുടെ വക്കിലാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടമാകും.നിരക്ക് വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും' നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി. 

 ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജോലി ചെയ്യില്ലെന്ന് പൈലറ്റുമാര്‍ അറിയിച്ചിരുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒഴികെ മറ്റുളള ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പൈലറ്റുമാര്‍ വിശദീകരിക്കുന്നു.

ജെറ്റ് എയര്‍വേയ്സ് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ 23,000 ത്തോളം ജീവനക്കാര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടും. രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചാല്‍ രാജ്യത്തെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകും. ഇത്തരമൊരു സാഹചര്യം രാഷ്ട്രീയമായ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.