ഝാര്‍ഖണ്ഡ്: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാർഷിക വിളകൾ മുച്ചൂടും നശിപ്പിക്കാൻ ശേഷിയുള്ള വെട്ടുകിളികളുടെ ആക്രമണത്തിന്റെ ഭീഷണിയിൽ ഝാര്‍ഖണ്ഡ്  സംസ്ഥാനവും. ആക്രമണത്തെ ചെറുക്കാനുളള ഉപായങ്ങൾ പ്രദേശത്തെ കർഷകർക്ക് വിശദീകരിച്ചു നൽകിക്കൊണ്ടുള്ള ലഘുലേഖകൾ സംസ്ഥാന കൃഷി വകുപ്പിൽ നിന്ന് പുറത്തിറങ്ങി. പ്രാദേശിക സംഗീത ഉപകരണങ്ങളായ ഢോള്‍, നഗാഡ തുടങ്ങിയ കൂട്ടാനും, പടക്കം പൊട്ടിക്കുക, തീ കത്തിക്കുക, പാത്രങ്ങൾ തമ്മിൽ മുട്ടുക എന്നിവ ആ ലഘുലേഖയിൽ പറഞ്ഞിട്ടുള്ള പ്രതിരോധ മാർഗങ്ങളിൽ ഉൾപ്പെടുന്നു. 

 

 

കൃഷി, അഗ്നിശമന, വനം വിഭാഗങ്ങളുടെ സംയുക്ത സമിതി കഴിഞ്ഞ ദിവസം തലസ്ഥാനമായ റാഞ്ചിയിൽ സംസ്ഥാനത്തെ വെട്ടുകിളി ആക്രമണ സാധ്യത പഠിക്കാൻ വേണ്ടി യോഗം ചേർന്നിരുന്നു.  സിംദെഗ, ലത്തേഹർ, ഗുംല, ഗർഹ്വ, പാലാമൗ, ഛത്ര, ഗിരിധി, ഗൊഡ്ഡ എന്നീ ജില്ലകളിലാണ് അക്രമണഭീഷണി മുഖ്യമായും ഉള്ളത്. പ്രസ്തുത പ്രദേശങ്ങളിലെ കർഷകർക്കിടയിൽ ബോധവൽക്കരണം നടത്താൻ ഈ സമിതിയുടെ യോഗം തീരുമാനിച്ചതിന്റെ വെളിച്ചത്തിലായിരുന്നു ലഘുലേഖ ഉണ്ടാക്കിയതും വിതരണം ചെയ്തതും. വനം, കൃഷി വകുപ്പുകളും അഗ്നിശമന സേനയും കൈകോർത്തുകൊണ്ടായിരിക്കും വെട്ടുകിളികളെ പ്രതിരോധിക്കുക. 

മേല്പറഞ്ഞ മാർഗങ്ങളിൽ പടക്കം പൊട്ടിക്കുക എന്നത് ആനകളെ കൃഷിനശിപ്പിക്കുന്നതിൽ നിന്ന് തടയാൻ ഇപ്പോൾ തന്നെ പ്രദേശവാസികൾ സ്വീകരിച്ചു വരുന്ന മാർഗമാണ്. എന്നാൽ ഇതിനു ചെലവേറെയാണ്. രാത്രികാലങ്ങളിൽ വിളകളിൽ വന്നു വിശ്രമിക്കുന്ന വെട്ടുകിളികൾക്കുമേൽ കീടനാശിനികൾ തളിക്കുക എളുപ്പമാണ്. എന്നാൽ പകൽ നേരങ്ങളിൽ ഇവ പറന്നുനടക്കും എന്നതിനാൽ കീടനാശിനി തളിക്കുക എളുപ്പമല്ല. അപ്പോഴാണ് ഇവയെ ചെണ്ടകൊട്ടിയും പാത്രം മുട്ടിയും ശബ്ദമുണ്ടാക്കി ഓടിക്കാൻ ശ്രമങ്ങൾ നടത്താൻ പോവുന്നത്. ഡോളും നഗാരയും ഒന്നും സ്വന്തമായിട്ടില്ലാത്ത കർഷകരോട് കൃഷിവകുപ്പ് പ്രദേശത്തെ ബാൻഡ്സംഘങ്ങൾ വാടകയ്‌ക്കെടുത്ത് കാര്യം സാധിക്കാൻ നിർദേശിച്ചിട്ടുണ്ട് എന്ന് സിംദെഗ കൃഷി ഓഫീസർ അശോക് കുമാർ ചൗധരി 'ദ ടെലിഗ്രാഫ്' പത്രത്തോട് പറഞ്ഞു. 
 

 

വെട്ടുകിളികൾക്ക് ഒരു ദിവസം 150 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാനും, അതിന്റെ ശരീരഭാരത്തോളം ( അതായത് 2 ഗ്രാം) ധാന്യം അകത്താക്കാനുമുള്ള കഴിവുണ്ടെന്നാണ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത്. പരശ്ശതം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കൂട്ടങ്ങളായാണ് ഇവ കാണപ്പെടുക. ഒരു സ്‌ക്വയർ കിലോമീറ്റർ വിശ്ത്രുതിയിൽ ഏകദേശം എട്ടുകോടി വെട്ടുകിളികളെങ്കിലും കാണും എന്നാണ് കണക്ക്.