റാഞ്ചി: ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സർക്കാർ വാഹനത്തിന് നേരെയും വെടിവെപ്പുണ്ടായി. ഇതേത്തുടര്‍ന്ന് വോട്ടിംഗ് അല്‍പ്പസമയത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണസാധ്യത കണക്കിലെടുത്ത് കൂടുതൽ സിആർപിഎഫ് സംഘത്തെ സംഭവസ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. 40,000ത്തില്‍ അധികം കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. 

ബിജെപി മുഖ്യമന്ത്രി രഘുബർ ദാസ് മൽസരിക്കുന്ന ജംഷഡ്പൂർ ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. കടുത്ത മൽസരമാണ് രഘുബർ ദാസ് ഇവിടെ നേരിടുന്നത്.  അദ്ദേഹം ഭാലുബാസ മണ്ഡലത്തില്‍ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തില്‍ 9 മണിവരെ ഏകദേശം 13.03% പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 13 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 23 നാണ് അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ.