Asianet News MalayalamAsianet News Malayalam

ഝാർഖണ്ഡിൽ ലീഡ് തിരികെ പിടിച്ച് മഹാസഖ്യം: ബിജെപി പുറത്തേക്ക്, കറുത്ത കുതിരയായി ആര്‍ജെഡി

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പാതിയിലേറെ മണ്ഡലങ്ങളിലും ലീഡ് നില ആയിരത്തിലും അഞ്ഞൂറിലുമൊക്കെയാണ് നില്‍ക്കുന്നത് എന്നത് ഫലം മാറിമറയാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Jharkhand assembly election results
Author
Jharkhand, First Published Dec 23, 2019, 10:37 AM IST

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോല്‍ ചിത്രം മാറിമാറിയുന്നു. ആദ്യഘട്ടത്തില്‍ 41 സീറ്റുകള്‍ വരെ ലീഡ് ചെയ്ത ശേഷം പിന്നോട്ട് പോയ കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സഖ്യം വീണ്ടും ലീഡ് തിരികെ പിടിച്ചു. അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പാതിയിലേറെ മണ്ഡലങ്ങളിലും ലീഡ് നില ആയിരത്തിലും അഞ്ഞൂറിലുമൊക്കെയാണ് നില്‍ക്കുന്നത് എന്നത് ഫലം മാറിമറയാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ മാത്രമേ ആരാവും ഢാര്‍ഖണ്ഡ് ഭരിക്കുക എന്ന് വ്യക്തമാവൂ. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്തു വിട്ട കണക്ക് അനുസരിച്ച് 28 സീറ്റില്‍ ബിജെപിയും 23 സീറ്റില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും നാല് സീറ്റില്‍ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും അഞ്ച് സീറ്റില്‍ ആര്‍ജെഡിയും 11 സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ തവണ ആറ് സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇക്കുറി സീറ്റുകള്‍ 11 ആക്കി മെച്ചപ്പെടുത്തി. അഞ്ച് സീറ്റുകള്‍ നേടി ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡി ജാര്‍ഖണ്ഡില്‍ നടത്തിയ അപ്രതീക്ഷിത മുന്നേറ്റമാണ് മഹാസംഖ്യത്തിന് ഇപ്പോള്‍ തുണയായിരിക്കുന്നത്. 

 81 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ 41 സീറ്റുകള്‍ വേണമെന്നിരിക്കെ നിലവില്‍ 29 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യതയുള്ള എജെഎസ്‍യു മൂന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റു ചെറുപാര്‍ട്ടികളേയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് അവസരമുണ്ടെങ്കിലും അതിന് കോണ്‍ഗ്രസ്-ജെഎംഎം-ആര്‍ജെഡി സംഖ്യം 35-ലും താഴെ സീറ്റുകളില്‍ ഒതുങ്ങണം.

ലീഡ് ചെയ്തു നില്‍ക്കുന്ന ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ പിന്തുണ ഇതിനോടകം കോണ്‍ഗ്രസ് സഖ്യം ഉറപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഝാര്‍ഖണ്ഡില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത. ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് വോട്ടെണ്ണല്‍ കടന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ദേശീയ നേതൃത്വം ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടങ്ങാന്‍ ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ബിജെപി നേതാവ് ഉപേന്ദ്ര യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം തെളിഞ്ഞാല്‍ ഉടനെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നിയക്കാന്‍ ആര്‍പിഎന്‍ സിങിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

എജെഎസ്‍യു, ജെവിഎം എന്നീ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകളാണ് ബിജെപി ആരായുന്നത്. സഖ്യമുണ്ടാക്കിയോ ചെറുപാര്‍ട്ടികളെ ബിജെപിയില്‍ ലയിപ്പിച്ചോ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തുനിഞ്ഞേക്കും എന്നാണ് കരുതുന്നത്. അതേസമയം മഹാരാഷ്ട്രയിലെ അനുഭവം മുന്‍നിര്‍ത്തി എത്രയും പെട്ടെന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് മഹാസഖ്യം. 

ബിജെപി വലിയ ഒറ്റകക്ഷിയായാലും തെരഞ്ഞെടുപ്പിന് മുന്‍പുള്ള മഹാസഖ്യം എന്ന നിലയില്‍ ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും എന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. മഹാസഖ്യം ഝാർഖഢിൽ  തൂത്തുവാരുമെന്നും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്നും ആര്‍ജെഡി അധ്യക്ഷന്‍ തോജസ്വി യാദവ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios