"ഞാൻ കുറ്റക്കാരനാണെങ്കിൽ ചോദ്യം ചെയ്യൽ എന്തിനാണ്, കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ" ഹേമന്ദ് സോറൻ പ്രതികരിച്ചു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നും അദ്ദേഹം ആരോപിച്ചു. 

റാഞ്ചി: കൽക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. "ഞാൻ കുറ്റക്കാരനാണെങ്കിൽ ചോദ്യം ചെയ്യൽ എന്തിനാണ്, കഴിയുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ" ഹേമന്ദ് സോറൻ പ്രതികരിച്ചു. ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നും അദ്ദേഹം ആരോപിച്ചു. 

ബിജെപിയെ എതിർക്കുന്ന ആരുടെയും ശബ്ദം അടിച്ചമർത്താൻ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഇതിന് ജനങ്ങളിൽ നിന്ന് ഉചിതമായ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൽക്കരി ഖനന അഴിമതിയിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഹേമന്ദ് സോറനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ഇന്ന് റാഞ്ചിയിലെ ഇഡി റീജിയണൽ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. പകരം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ പ്രവർത്തകരെ അദ്ദേഹം തന്റെ വീടിന് പുറത്ത് അഭിസംബോധന ചെയ്തു. കോൺ​ഗ്രസുമായി ചേർന്നാണ് സംസ്ഥാനത്ത് ഝാർഖണ്ഡ് മുക്തി മോർച്ച ഭരണം നടത്തുന്നത്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കലിന്റെ തിരക്കിലാണെന്നും ഹേമന്ദ് സോറൻ ആരോപിച്ചു. 

2021ൽ അധികാരത്തിലിരിക്കെ ഖനനത്തിന് പട്ടയം നൽകിയെന്ന ബിജെപിയുടെ പരാതിയിൽ ഹേമന്ദ് സോറന്റെ എംഎൽഎ പദം അയോഗ്യത നേരിടുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഗവർണർ രമേഷ് ബെയ്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ, ​ഗവർണർ ഈ ശുപാർശ തള്ളിക്കളഞ്ഞതായാണ് വിവരം. അതിനുമുമ്പ്, ഓപ്പറേഷൻ താമര നീക്കം ബിജെപി സംസ്ഥാനത്ത് നടത്തുന്നതായി ആരോപണങ്ങൾ വന്നിരുന്നു. ജെഎംഎം-കോൺഗ്രസ് സഖ്യത്തെ പുറത്താക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാ​ഗമായാണ് കുറച്ചുനാൾ മുമ്പ് ബംഗാളിൽ ചില എം‌എൽ‌എമാരെ 50 ലക്ഷത്തോളം പണവുമായി പിടികൂടിയത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഹേമന്ദ് സോറൻ ​ഗോത്രവിഭാ​ഗത്തിൽ നിന്നുള്ള നേതാവാണ്. “എന്നെ ഉപദ്രവിക്കാനുള്ള ശ്രമത്തിന് പിന്നിലെ ലക്ഷ്യം ആദിവാസികളുടെയും പിന്നാക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ തടയുകയാണ്. ഫ്യൂഡൽ ജനത വിജയിക്കാനായി ആളുകളെ ഇല്ലാതാക്കുകയും ചൂഷണം ചെയ്യുകയുമാണ്. നമ്മുടെ പൂർവ്വികർ നമ്മെ തോൽപ്പിക്കാൻ പഠിപ്പിച്ചിട്ടില്ല, പോരാടാനും ജയിക്കാനുമാണ് അവർ നമ്മെ പഠിപ്പിച്ചത്." സോറൻ ട്വീറ്റ് ചെയ്തു. തന്റെ പ്രസംഗത്തിലും അദ്ദേഹം ഇത് ആവർത്തിച്ചു. "ഞങ്ങളുടെ സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്തുവെന്ന് അംഗീകരിക്കാൻ എതിരാളികൾക്ക് കഴിയില്ല". അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരിന്റെ അഴിമതി തുറന്നുകാട്ടപ്പെട്ടതിലുള്ള നിരാശ കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നതെന്ന് ബിജെപി പ്രതികരിച്ചു. 

 കേസിൽ ഹേമന്ദ് സോറന്റെ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഇഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മിശ്രയുടെ വീട്ടിൽ നിന്ന് 5.34 കോടി രൂപ കണക്കിൽപ്പെടാത്ത പണമായി കണ്ടെത്തിയതായി ഏജൻസി അവകാശപ്പെടുന്നു. ജൂലൈയിൽ നടത്തിയ റെയ്ഡിൽ മിശ്രയുടെ ബാങ്ക് അക്കൗണ്ടിൽ 11.88 കോടി രൂപ കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുമ്പ് സോറന്റെ പ്രസ് അഡ്വൈസറായ അഭിഷേക് പ്രസാദിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Read Also: യുക്രൈന്‍ അധിനിവേശം; ഒറ്റ ദിവസം റഷ്യയ്ക്ക് നഷ്ടം ആയിരത്തോളം സൈനികരെ