ദില്ലി: സംസ്ഥാനത്തെ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ക്രിമിനലുകളേക്കാൾ മോശമാണെന്ന് ആരോപിച്ച് ഝാർഖണ്ഡിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാജിവച്ചു. പിസിസി അദ്ധ്യക്ഷ സ്ഥാനം അജോയ് കുമാറാണ് രാജിവച്ചത്.

അസംബ്ലി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അജോയ് കുമാറിന്റെ രാജി സംസ്ഥാനത്തെ പാർട്ടിക്ക് വലിയ പ്രതിസന്ധിയായി. രാഹുൽ ഗാന്ധിക്കയച്ച രാജിക്കത്തിന്റെ പകർപ്പ് ഇദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

രാജിക്കത്തിൽ മുതിർന്ന നേതാക്കളായ സുബോധ് കന്ത് സഹായ്, രാമേശ്വർ ഓറാവോൺ തുടങ്ങിയവരെ കാലുവാരികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

അജോയ് കുമാറിന്റെ രാജിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുണ്ട്. ബർഹി എംഎൽഎ മനോജ് യാദവ് അടക്കമുള്ളവർ ബിജെപിയിൽ പോകുമെന്നാണ് സൂചന.