ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ, മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു.

റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജി വെയ്ക്കണം എന്നാണ് ആവശ്യം. ഓഗസ്റ്റ് 20 ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു. പ്രശ്നം പരിഹരിക്കാന്‍ ഇടപെടാത്ത രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കുമെന്ന് പ്രക്ഷോഭകർ പറഞ്ഞു.

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും നേതൃത്വത്തിൽ ആരംഭിച്ച സമരം, 22 ദിവസം പിന്നിടുമ്പോഴാണ് സമരം കൂടുതൽ ശക്തമാക്കാൻ പ്രതിഷേധക്കാർ ഒരുങ്ങുന്നത്. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ നിലപാട്. ഇതിന് പിന്നാലെയാണ് സമരത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചത്.

മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെയ്ക്കണമെന്നും പരാതികളിൽ നടപടിയെടുക്കുന്നില്ലെങ്കിൽ രാഹുൽ ഗാന്ധി ജെഎംഎം സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. വ്യാഴാഴ്ച മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതി വളഞ്ഞ് പ്രതിഷേധിക്കാനും ജെപിഎസ്‌സി-ജെഎസ്എസ്‌സി പരിഷ്കരണ മഞ്ച് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിലെ പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്. ജാര്‍ഖണ്ഡ് പി എസ് സി പിരിച്ചുവിട്ടും മുന്‍ ചെയര്‍മാനെ അറസ്റ്റ് ചെയ്തും പ്രക്ഷോഭം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ വഴങ്ങുന്നില്ല.