Asianet News MalayalamAsianet News Malayalam

യോഗ്യത ചൂണ്ടിക്കാട്ടി പരിഹാസമേറി; പ്ലസ് വണ്‍ പഠനത്തിന് അപേക്ഷ നല്‍കി ഝാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി

ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണെന്ന് വിവിധ തലങ്ങളില്‍ പരിഹാസം കേട്ടിരുന്നു. ഇതോടെയാണ് തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി. 1995ലാണ് മന്ത്രി പത്താം ക്ലാസ് പാസായത് 

Jharkhands education minister to join plus two after being criticised for educational qualification
Author
Ranchi, First Published Aug 11, 2020, 11:12 AM IST

റാഞ്ചി: വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാണിച്ച് പരിഹാസം ഏറിയതോടെ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകി ഝാർഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്തോ. പഠിക്കാന്‍ പ്രായമൊരു വെല്ലുവിളിയല്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ബൊകാറോ ജില്ലയിലെ ദേവി മഹ്‍തോ ഇന്റർ കോളേജിലാണ് മന്ത്രി പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ആദ്യമായി എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2006ല്‍ മന്ത്രി തന്നെ മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂള്‍.

1995ല്‍ ബൊകാറോയിലെ ടെലോയിലുള്ള നെഹ്റു ഹൈസ്കൂളില്‍ നിന്നാണ് ജഗർനാഥ് മഹ്തോ പത്താം ക്ലാസ് പാസായത്. എന്നാല്‍ അന്ന് തുടര്‍ന്നുപഠിക്കാന്‍ സാധിച്ചിരുന്നില്ല. ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത മന്ത്രിയാണെന്ന് വിവിധ തലങ്ങളില്‍ പരിഹാസം കേട്ടിരുന്നു. ഇതോടെയാണ് തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വെറും പത്താം ക്ലാസ് മാത്രം പാസായ മന്ത്രി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിക്ക് എന്ത് സംഭാവന നല്‍കുമെന്നായിരുന്നു പലരുടേയും പരിഹാസം. ഈ പരിഹാസങ്ങള്‍  വ്യക്തിപരമായി എടുത്താണ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം മന്ത്രി സ്കൂളിലേക്ക് തിരികെയെത്തുന്നത്. 

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും പഠന സാഹചര്യമൊരുക്കുന്നതിനൊപ്പമാകും തന്‍റെ ഇന്റര്‍മീഡിയറ്റ് പഠനമെന്നാണ് ജഗർനാഥ് മഹ്തോ വിശദമാക്കുന്നു. നിങ്ങള്‍ക്ക് പഠിക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തരുത്. സര്‍ക്കാര്‍ നിങ്ങളുടെ മക്കളെ പിന്തുണയ്ക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുന്നു. പഠനത്തിന് പ്രായ പരിധാ ഇല്ലെന്നും ഏത് പ്രായത്തിലും വിദ്യാഭ്യാസം നേടാനുള്ള മനസ് മാത്രം മതിയെന്നും മഹ്തോ പറയുന്നു. സ്കൂളില്‍ ചേര്‍ന്ന് പഠിക്കുകയെന്നത് പൂര്‍ണമായും തന്‍റെ തന്നെ തീരുമാനമായിരുന്നുവെന്നും മന്ത്രി പറയുന്നു. പ്ലസ്ടുവില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. 

Follow Us:
Download App:
  • android
  • ios