പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. നീറ്റ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സമ്മതിച്ചപ്പോൾ, പെട്ടെന്ന് രാഹുൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടെന്ന് മന്ത്രി
ദില്ലി: രാജ്യ തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സ്ഥലത്തെത്തി ചർച്ച നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക് ചേരാത്ത പെരുമാറ്റമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയോഗിച്ചിരുന്നുവെന്നും, എന്നാൽ ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നുവെന്നും സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പ്രസ്താവനകളിൽ മന്ത്രി വ്യക്തമാക്കി. നീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചാൽ സമരം അവസാനിപ്പിക്കാമെന്നാണ് രാഹുൽ ഗാന്ധി ആദ്യം ആവശ്യപ്പെട്ടതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. സർക്കാരിന്റെ ഉയർന്ന ഘടകങ്ങളുമായി സംസാരിച്ച് ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ചപ്പോൾ രാഹുൽ ഗാന്ധി പെട്ടെന്ന് നിലപാട് മാറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ആവശ്യം രാഹുൽ മുന്നോട്ടുവെക്കുകയായിരുന്നു. ഒരു മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ വ്യക്തി വാക്കുമാറി സംസാരിക്കുന്നത് നിർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
പ്രധാനമന്ത്രിയുടെ വസതി പ്രതിഷേധ വേദിയല്ല
പ്രതിഷേധത്തിന് അനുയോജ്യ വേദി പ്രധാനമന്ത്രിയുടെ വസതിയല്ലെന്നടക്കമുള്ള വിമർശനങ്ങളും മന്ത്രി മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരം നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഇതെന്ന് ഓർമ്മിപ്പിച്ചപ്പോൾ 'അത് തന്റെ തീരുമാനമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും മന്ത്രി വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് സർക്കാർ പൂർണ്ണ സജ്ജമാണെന്നും, എന്നാൽ ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധിയടക്കമുള്ള സമരക്കാരുമായി ചർച്ച നടത്തിയ ജിതേന്ദ്ര സിങ്, എക്സ് പ്ലാറ്റ്ഫോമിൽ രണ്ട് കുറിപ്പുകളിലൂടെയാണ് വിമർശനം നടത്തിയത്.
രാഹുലിനെ വലിച്ചിഴച്ചു, പ്രിയങ്കയും അറസ്റ്റിൽ
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങളാണ് ഉണ്ടായത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് തൂക്കിയെടുത്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എം പിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു.

