Asianet News MalayalamAsianet News Malayalam

ജെഎൻയു യൂണിയൻ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത്: നാല് സീറ്റും തൂത്തുവാരി ഇടത് കൂട്ടായ്മ

ഇടത് പാർട്ടികളായ ഐസയും എസ്എഫ്ഐയും ഡിഎസ്‍എഫും എഐഎസ്എഫും ഒന്നിച്ചാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

jnu election results declared officially
Author
New Delhi, First Published Sep 17, 2019, 8:32 PM IST

ദില്ലി: ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ എല്ലാ സീറ്റുകളിലും ഇടത് വിദ്യാർത്ഥി സംഘടനാ കൂട്ടായ്മയുടെ സ്ഥാനാർത്ഥികൾക്ക് മികച്ച വിജയം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലെഫ്റ്റ് യൂണിറ്റി സ്ഥാനാർത്ഥി ഐഷെ ഘോഷ് മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ദില്ലി ഹൈക്കോടതി ഫലം പ്രഖ്യാപിക്കുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയതോടെയാണ് സെപ്റ്റംബർ ആദ്യവാരം നടന്ന തെര‍ഞ്ഞെടുപ്പിന്‍റെ ഫലം ഇപ്പോൾ പ്രഖ്യാപിച്ചത്. 

എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 2313 വോട്ടുകളാണ് ഐഷെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാർത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകൾ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‍സയും എബിവിപിയുമായുള്ള വോട്ട് വ്യത്യാസം വെറും 6 മാത്രം. ജിതേന്ദ്ര സുനയായിരുന്നു ബാപ്‍സ സ്ഥാനാർത്ഥി. 

ഇടത് സ്ഥാനാർത്ഥി സാകേത് മൂൺ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂണിന് 3365 വോട്ടുകൾ കിട്ടിയപ്പോൾ എബിവിപി സ്ഥാനാർത്ഥി ശ്രുതി അഗ്നിഹോത്രിക്ക് കിട്ടിയത് 1335 വോട്ടുകൾ മാത്രം. 

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇടത് കൂട്ടായ്മയുടെ സതീഷ് യാദവാണ്. കിട്ടിയത് 2518 വോട്ടുകൾ. എന്നാൽ എബിവിപിയുടെ ശബരീഷ് പി എ യ്ക്ക് ലഭിച്ചത് 1355 വോട്ടുകൾ മാത്രമാണ്. ബാപ്‍സയ്ക്ക് തന്നെയാണ് ഇവിടെയും മൂന്നാം സ്ഥാനം. 1232 വോട്ടുകൾ. 

ജോയന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് ഡാനിഷാണ്. കിട്ടിയത് 3295 വോട്ടുകൾ. എബിവിപി സ്ഥാനാർത്ഥി സുമന്ത ബസു ബഹുദൂരം പിന്നിലായിരുന്നു. കിട്ടിയത് 1508 വോട്ടുകൾ മാത്രം. 

ഇടത് പാർട്ടികളായ ഐസയും എസ്എഫ്ഐയും ഡിഎസ്‍എഫും എഐഎസ്എഫും ഒന്നിച്ചാണ് ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 

ഇത്തവണയും നേട്ടമുണ്ടാക്കിയത് ബിർസ അംബേദ്‍കർ ഫൂലെ സ്റ്റുഡന്‍റ്സ് അസോസിയേഷനെന്ന ബാപ്‍സ തന്നെയാണ്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയുമായി വളരെക്കുറച്ച് വോട്ട് വ്യത്യാസം മാത്രമേ പല പോസ്റ്റുകളിലും ബാപ്‍സയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 

Follow Us:
Download App:
  • android
  • ios