വൈദ്യുതി വിച്ഛേദിച്ചെങ്കിലും ഡോക്യുമെൻ്ററി പ്രദർശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിന് പകരം സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുകയാണ് വിദ്യാർത്ഥികൾ.

ദില്ലി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് രാത്രി സംപ്രേഷണം ചെയ്യും. അതേസമയം, വിലക്ക് മറികടന്ന് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനിരുന്ന ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു. ക്യാമ്പസ് മുഴുവൻ വൈദുതി വിച്ചേദിച്ചുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റലിൽ അടക്കം വൈദ്യുതി വിച്ഛേദിച്ചു. പ്രദർശനം നടക്കാനിരിക്കെയാണ് നടപടി. രാത്രി ഒമ്പത് മണിക്കായിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നത്. 

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ തീരുമാനിച്ചതിന് പിന്നാലെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി വിച്ഛേദിച്ചെങ്കിലും ഡോക്യുമെൻ്ററി പ്രദർശനം നടത്തുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിന് പകരം സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുകയാണ് വിദ്യാർത്ഥികൾ. വൈദ്യുതി വിച്ഛേദിച്ച നടപടിക്കെതിരെ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഡോക്യുമെൻ്ററിയുടെ ഡൗൺലോഡ് ചെയ്ത ഫയലുകൾ കൈമാറി കൂട്ടമായി കാണാൻ വിദ്യാർത്ഥികളുടെ തീരുമാനം. ക്യു ആർ കോഡ് വഴി മൊബൈലുകളിൽ ഓൺലൈനായി വിദ്യാർത്ഥികൾ ഡോക്യുമെൻ്ററി കാണാനാണ് തീരുമാനം. അതിനിടെ, ജെഎൻയുവിലെ ഡോക്യുമെന്‍ററി പ്രദർശനം നടക്കുന്ന കമ്മ്യൂണിറ്റി സെൻ്ററിൽ മഫ്ടിയിൽ പൊലീസിനെ വിന്യസിച്ചു. സർവകലാശാല സെക്യൂരിറ്റിയെയും സുരക്ഷയ്ക്കായി കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് രാത്രി സംപ്രേഷണം ചെയ്യും. യുകെ സമയം രാത്രി ഒന്‍പത് മണിക്കാണ് ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗത്തിന്‍റെ സംപ്രേഷണം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയാണ്. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതടക്കം മോദി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളിലെ ന്യൂനപക്ഷ വിരുദ്ധത, കശ്മീര്‍ പുനസംഘടനയുടെ മറുപുറം തുടങ്ങിയവയാകും രണ്ടാം ഭാഗത്തിന്‍റെ ഉള്ളടക്കമെന്നാണ് സൂചന. രണ്ടാം ഭാഗം പുറത്ത് വരുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. എത്ര മറച്ചാലും സത്യം ഒരിക്കല്‍ പുറത്ത് വരുമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മറച്ച് വയക്കാന്‍ ശ്രമിക്കുന്ന സത്യം കൂടുതല്‍ പ്രകാശത്തോടെ പുറത്ത് വരുമെന്നുമായിരുന്നു സര്‍ക്കാര്‍ നടപടികളോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.