ദില്ലി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, വസ്ത്രധാരണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്ന് അവസാനിപ്പിച്ചാലും സമരം നാളെ മുതല്‍ ക്യാമ്പസിലേക്ക് മാറ്റുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. 'കാമ്പസ് അടിച്ചിട്ടു കൊണ്ട് സമരം തുടരും. അവകാശ സമരത്തോട് കനത്ത അവഗണയാണ് സർക്കാർ കാണിച്ചത്. പൊലീസ് നടത്തിയത് കാടത്തമാണ്. അവര്‍ സ്ത്രീകളെയടക്കം ഉപദ്രവിച്ചു'. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയമാണ് നടപ്പാക്കുന്നതെന്നും ഐഷി ഘോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ്, രാത്രി 11 മണിക്കെങ്കിലും ഹോസ്റ്റലില്‍ കയറണം, മെസില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമ്പോളത്തെ വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളോട് ആലോചിക്കാതെ തീരുമാനങ്ങള്‍ എടുത്തതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്. കാമ്പസില്‍ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണെന്നും  ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. രാവിലെ ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. 

ജെഎന്‍യുവില്‍ ബലപ്രയോഗം, വിദ്യാര്‍ത്ഥികളെ നേരിടാന്‍ പൊലീസിനൊപ്പം കേന്ദ്രസേനയും

അതിനിടെ  ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയാണ്. പൊലീസിനൊപ്പം അര്‍ധ സൈനിക വിഭാഗവും വിദ്യാര്ത്ഥികളെ നീക്കം ചെയ്യാന്‍ രംഗത്തുണ്ട്.  കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിനെ പൊലീസ് നേരത്തെ  പുറത്തെത്തിച്ചിരുന്നു. വിസിയെ കാണാതെ പിരിഞ്ഞുപോകില്ലെന്നാണ് ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ നിലപാട്.