Asianet News MalayalamAsianet News Malayalam

ജെഎൻയു വിഷയത്തിൽ നിർണായക ചർച്ച ഇന്ന്; വിസിയെ മാറ്റുന്നത് വരെ സമരമെന്ന് വിദ്യാര്‍ത്ഥികൾ

ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചത്. വിസിയെ മാറ്റുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ.

jnu students protest continues in delhi mhrd officials calls for discussion
Author
Delhi, First Published Jan 10, 2020, 5:46 AM IST

ദില്ലി: ജെഎൻയു വിഷയത്തിൽ നിർണായക ചർച്ച ഇന്ന്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. വിദ്യാര്‍ത്ഥികൾ ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചത്. ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. 

ഇന്നലെ വിദ്യാർത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പെൺകുട്ടികളെയടക്കം പൊലീസ് മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ.

രാജീവ് ചൗക്കിലെ പ്രതിഷേധം ഇന്നലെ രാത്രി താല്‍കാലികമായി അവസാനിപ്പിച്ചപ്പോള്‍ സമരം പൂര്‍വ്വാധികം ശക്തിയോടെ നാളെ പുനരാരംഭിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയൻ അറിയിച്ചിരുന്നു. അതേസമയം ഒന്നിന് പുറകെ ഒന്നായി വിദ്യാര്‍ത്ഥികൾ നടത്തിയ സമരപരമ്പര ദില്ലി പൊലീസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരേപോലെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. 

ഇന്നലെ ഉച്ചയോടെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ വകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികൾ മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇത് പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. 

തുടര്‍ന്ന് പ്രതിഷേധക്കാര്‍ കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് നടത്തി. ഇതും പൊലീസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ഇവ‍ര്‍ നേരെ രാജീവ് ചൗക്കിലേക്ക് പോവുകയായിരുന്നു. പൊലീസെത്തി അഭ്യര്‍ത്ഥിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ കൂട്ടാക്കാതിരുന്ന വിദ്യാര്‍ത്ഥികൾ പിന്നീട് സ്വമേധയാ പിൻവാങ്ങുകയായിരുന്നു.

ജനുവരി അഞ്ചിന് ക്യാമ്പസിൽ നടന്ന ആക്രമണത്തിൽ ഇതുവരെ ദില്ലി പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനം ഉയര്‍ന്നിട്ടുണ്ട്. 

ക്യാമ്പസിൽ എത്തിയ മുഖംമൂടി സംഘം തന്നെ വധിക്കാൻ ശ്രമിച്ചെന്ന വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 11 പരാതികൾ കിട്ടിയെന്നും ഇവ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും ദില്ലി പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക സുചിത്രാ സെന്നും പരാതി നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios