Asianet News MalayalamAsianet News Malayalam

അന്തരീക്ഷം ശാന്തമായി; ജെഎൻയുവിൽ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങുമെന്ന് വിസി

കേന്ദ്രമാനവ വിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും നല്ല അന്തരീക്ഷം ഉറപ്പാക്കണമെന്നും വിസി അഭ്യര്‍ത്ഥിച്ചു.

jnu vice chancellor jagadeesh kumar says classes will start next monday
Author
Delhi, First Published Jan 10, 2020, 5:43 PM IST

ദില്ലി: ദില്ലി ജെഎൻയുവിൽ സ്ഥിതി​ഗതികൾ ശാന്തമായെന്നും ജനുവരി 13 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്നും വൈസ് ചാൻസലർ എം ജ​ഗദീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടിയെത്തിയ അക്രമിസംഘം അധ്യാപകരെയും വിദ്യാർത്ഥികളെയും അതിക്രൂരമായി മർദ്ദിച്ചത്. ഫീസ് വർദ്ധനയ്ക്കെതിരെ സമരം നടത്തിയിരുന്ന വിദ്യാർത്ഥികളാണ് അക്രമം നേരിട്ടത്. കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

''ഇപ്പോൾ സർവ്വകലാശാലയിൽ സമാധാനപരവും ശാന്തവുമായി അന്തരീക്ഷമാണ് നിലനിൽക്കുന്നത്. തുടർന്നും അക്കാദമിക കാര്യങ്ങളിൽ സജീവമാകാനാണ് തീരുമാനം. ഓരോ വിദ്യാർത്ഥിക്കും അവരുടെ അക്കാദമിക ലക്ഷ്യങ്ങളിലെത്തിച്ചേരാനുള്ള സഹായങ്ങൾ തുടർന്നും നൽകും.'' വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.  കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും നല്ല അന്തരീക്ഷം ഉറപ്പാക്കണമെന്നും വിസി അഭ്യര്‍ത്ഥിച്ചു.

അതിനിടെ ഫീസ് വര്‍ധനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചതായി ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ഐഷെ ഘോഷ് പറഞ്ഞു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് അറിയിച്ചു. ഉത്തരവ് പുറത്തുവന്നശേഷം സമരം പിന്‍വലിക്കുമെന്നും ഐഷെ ഘോഷ് പറഞ്ഞു. കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഐഷെ ഘോഷ്, സാകേത് മൂണ്‍, സതീഷ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.
 

Follow Us:
Download App:
  • android
  • ios