ദില്ലി: ജെഎന്‍യു മുഖം മൂടി അക്രമ സംഭവത്തില്‍ യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെ ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്യും. കേസെടുത്തതില്‍ പ്രതിഷേിച്ച് ദില്ലി പൊലീസ് ആസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പ്രതിഷേധം വിദ്യാർത്ഥി യൂണിയൻ മാറ്റിവച്ചു. വിദ്യാർത്ഥി യൂണിയന്റെ യോഗം ഉള്ളതുകൊണ്ടുമാണ് പ്രതിഷേധ മാർച്ച് മാറ്റിവച്ചത്.

ഈമാസം അഞ്ചിലെ മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരോടും രണ്ട് എബിവിപി പ്രവര്‍ത്തകരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ സംഘത്തിനൊപ്പം യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷും ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതോടൊപ്പം ഇടത് സംഘടനയിലുള്ള വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ യൂണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് വാട്സാപ് ഗ്രൂപ്പിലെ 37 പേര്‍ക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ക്യാമ്പസിലേക്ക് എത്തിച്ചതും ആക്രമണം നിയന്ത്രിച്ചതും രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഈ വാട്സാപ്പ് ഗ്രൂപ്പാണ്. 

അതേസമയം, ശീതകാല സെമസ്റ്ററിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച വരെ നീട്ടി. രജിസ്ട്രേഷന്‍ നടപടികളുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് വിദ്യാർത്ഥി യൂണിയന്‍ അറിയിച്ചു.