ദില്ലി: ചുവരിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ ദില്ലി ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ്. സർവ്വകലാശാല ഭരണസമിതിയാണ് നോട്ടീസ് നൽകിയത്. 

ഒരന്വേഷണവും നടത്താതെയാണ് ഭരണസമിതി തനിക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സായി ബാലാജി പറഞ്ഞു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. "നിങ്ങളുടെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ എന്റെ മരണം വരെ നിൽക്കും," എന്ന വാചകം എഴുതി വച്ചതിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

സർവ്വകലാശാല സെക്യുരിറ്റി ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആഗസ്റ്റ് 19 ന് മുൻപ് മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകനും ഗവേഷക വിദ്യാർത്ഥിയുമാണ് എൻ സായി ബാലാജി.