ലഖ്നൗ: ലോക്ക്ഡൗണിൽ ജോലി നഷ്ടമായ ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. രാകേഷ് കുമാർ(39), ഭാര്യ അർച്ചന(36) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്യുമ്പോൾ അടുത്ത മുറിയിൽ ഇവരുടെ മക്കൾ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

സംഭവ സമയത്ത് കുമാറിന്റെ മാതാവും വീട്ടിലുണ്ടായിരുന്നു. പേരക്കുട്ടികൾക്കൊപ്പം ഉറങ്ങുകയായിരുന്നുവെന്നും ഈ സമയത്താണ് കുമാറും അർച്ചനയും ജീവിതം അവസാനിപ്പിച്ചതെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി കുമാറിന്റെ അമ്മ പറയുന്നു. പിന്നാലെ കുമാർ പുറത്ത് പോകുകയും വൈകാതെ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൊബൈൽ ആക്സസറീസ് വിൽക്കുന്ന കടയിലെ ജോലിക്കാരനായിരുന്നു രാകേഷ് കുമാർ. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് ഏപ്രിലിൽ കട അടച്ചു. ഇതോടെ രാകേഷിന് ജോലി നഷ്ടമാകുകയായിരുന്നു.