രാജസ്ഥാന്‍: കഴുത്തില്‍ കാൽമുട്ടമര്‍ത്തിയുള്ള പൊലീസിന്‍റെ മർദ്ദനം ഇന്ത്യയിലും. രാജസ്ഥാനിലാണ് യുവാവിന് പൊലീസിന്‍റെ കാല്‍മുട്ട് പ്രയോഗം ഏറ്റുവാങ്ങേണ്ടിവന്നത്. അതേസമയം പൊലീസിനെ ആക്രമിച്ച യുവാവിനെ കീഴടക്കുക മാത്രമാണ് ചെയ്തതെന്നാണ് രാജസ്ഥാന്‍ പൊലീസ് വിശദീകരിക്കുന്നത്.

അമേരിക്കയിലെ ജോര്‍ജ്ജ് ഫ്ളോയിഡിന്‍റെ മരണം ലോകമാകെ ചർച്ച ചെയ്യുമ്പോഴാണ് സമാനമായ ദൃശ്യങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. ഇന്നലെയായിരുന്നു സംഭവം. മാസ്ക് ധരിക്കാത്തതിനാണ് മുകേഷ് കുമാര്‍ പ്രജാപത് എന്ന യുവാവിനെ രണ്ട് പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനില്‍ വച്ച് പ്രജാപതും പൊലീസുകാരും തമ്മില്‍ തര്‍ക്കവും കയ്യേറ്റവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് പ്രജാപതിന്‍റെ കഴുത്തില്‍ കാൽമുട്ടമര്‍ത്തിയുള്ള പൊലീസിന്‍റെ മര്‍ദ്ദനം.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആക്രമണം തടയാന്‍ പൊലീസുകാര്‍ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂര്‍ ഡിസിപി രംഗത്തെത്തി. പൊലീസുകാരെ പ്രജാപത് മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നും അദ്ദേഹം വിവരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാവുമ്പോഴും സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ലോക്ഡൗൺ ലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം മധ്യപ്രദേശിലെ ചന്‍ദ്വാരയില്‍ യുവാവിനെ പൊലീസ് വളഞ്ഞിട്ട് തല്ലിയത് വിവാദമായിരുന്നു. പിന്നാലെ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്ത് അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.