അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധം തുടരാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെന്നും എന്നാല്‍ സൈനികമായ പിന്തുണയുണ്ടാവില്ലെന്നുംജോ ബൈഡന്‍ വ്യക്തമാക്കി.

2001ല്‍ അമേരിക്കയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. സെപ്തംബര്‍ 11ന് 2001ലെ ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികം കൂടിയാണ്. നാറ്റോ അഫ്ഗാന്‍ മിഷന്‍റെ ഭാഗമായി കുറഞ്ഞത് 2500 യുഎസ് സൈനികരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3500ഓളം യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

അഫ്ഗാനിസ്ഥാനിലെ അക്രമങ്ങള്‍ കുറയ്ക്കാമെന്ന നിലപാട് താലിബാന്‍ ഇതുവരെ കുറച്ചിട്ടില്ലെന്നും യുഎസ്, നാറ്റോ ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. പിന്‍മാറലിന് മുന്നോടിയായി കാബൂളില്‍ വച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഫ്ഗാനിസ്ഥാനിലെ നേതാക്കള്‍ പറയുന്നു. ബുധനാഴ്ച അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി ജോ ബൈഡനുമായി ഫോണിലൂടെ സംസാരിച്ചതായി ട്വീറ്റ് ചെയ്തിരുന്നു.

പിന്‍മാറ്റം സുഗമമാക്കുമെന്നും പിന്‍മാറാനുള്ള അമേരിക്കയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നുംഅഷ്റഫ് ഗാനി വിശദമാക്കി. രാജ്യത്തെയും ജനങ്ങളേയും പ്രതിരോധിക്കാന്‍ അഫ്ഗാനിസ്ഥാനിലെ സേന ശക്തമാണെന്നും അഷ്റഫ് ഗാനി കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥിലെ സൈന്യത്തിന്‍റെ സാന്നിധ്യം  നിരന്തരമായി നീട്ടിക്കൊണ്ട് പോകാനാവില്ല. അഫ്ഗാനിസ്ഥിനെ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും നയതന്ത്രപരമായും മനുഷ്യത്വപരമായും പിന്തുണയ്ക്കുമെന്നും ബൈഡന്‍ പറഞ്ഞു.