14 -ാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിൽക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിൻ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത്

ദില്ലി: ന്യൂദില്ലി റെയിൽവേ ദുരന്തത്തിന് കാരണമായത് അനൗൺസ്മെന്‍റിലെ ആശയകുഴപ്പമെന്ന് ദില്ലി പൊലീസ്. പ്രയാ​ഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെ കുറിച്ച് ഒന്നിച്ചുണ്ടായ അനൗൺസ്മെന്‍റാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 14 -ാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരു ട്രെയിൻ നിൽക്കേ 16 -ാം പ്ലാറ്റ്ഫോമിലേക്ക് അടുത്ത ട്രെയിൻ വരുന്നതായുള്ള അറിയിപ്പാണ് ആശയകുഴപ്പത്തിനിടയാക്കിയത് എന്നും ദില്ലി പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. ദുരന്തത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

ഡല്‍ഹി റെയില്‍വേ സ്റ്റേഷൻ ദുരന്തം: അധികൃതരുടെ സഹായം കിട്ടിയത് വൈകി; തിരക്ക് നിയന്ത്രിക്കാൻ സംവിധാനമുണ്ടായില്ല

അതേസമയം ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിച്ച സംഭവത്തിൽ ദില്ലി പൊലീസിന്റെയും റെയിൽവേയുടെയും അന്വേഷണം തുടരുകയാണ്. റെയിൽവേ മന്ത്രാലയത്തിന്റെ രണ്ടംഗസംഘത്തിന്റെയും ദില്ലി പൊലീസിലെ ഡി സി പിയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം നടന്ന സ്ഥലത്ത് റെയിൽവേയുടെ അന്വേഷണസംഘം പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് ഇതിൽ പരിശോധന തുടരുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥരുടെ മൊഴിയും എടുക്കും. എന്നാൽ പൊലീസ് എടുത്ത കേസിന്റെ എഫ് ഐ ആർ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനിടെ സാരമായി പരിക്കേറ്റ 15 പേരുടെ ചികിത്സ തുടരുകയാണ്. മരിച്ചവരിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ റെയിൽവേ സ്റ്റേഷനുകളും തിരിക്ക് ഒഴിവാക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

അതേസമയം തിരക്കിൽപ്പെട്ടവർക്ക് മുക്കാൽ മണിക്കൂറിന് ശേഷമാണ് അധികൃതരുടെ സഹായം കിട്ടിയതെന്നാണ് വ്യക്തമാകുന്നത്. ഇതാണ് ദുരന്തം ഇത്രയേറെ ഭീകരമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രയാഗ് രാജിലേക്ക് പോകാൻ വലിയ തിരക്കുണ്ടെന്ന് രാത്രി 8 മണി മുതൽ വ്യക്തമായിട്ടും ഇത് നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. വലിയ അപകടം നടന്നിട്ടും മൂടിവെക്കാനുള്ള ശ്രമമാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഭാഗത്ത് നിന്നടക്കം തുടക്കത്തിൽ ഉണ്ടായത്. വലിയ തിരക്കാണ് ഇന്നലെ വൈകുന്നേരം മുതൽ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ ദൃശ്യമായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ വിവിധ പ്ലാറ്റ്ഫോമുകളിൽ തടിച്ചു കൂടിയിരുന്നു. ആയിരക്കണക്കിന് ജനറൽ ടിക്കറ്റുകൾ വിറ്റു പോയിട്ടും പ്ളാറ്റ്ഫോമിലെ തിരക്ക് ക്രമീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. സഹായത്തിന് പോലും ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നുവെന്നാണ് പരിക്കേറ്റവർ പറയുന്നത്. പ്രയാഗ് രാജ് വഴിയുള്ള എല്ലാ ട്രെയിനുകളും അവസാന നാല് പ്ളാറ്റ്ഫോമുകളിൽ നിന്ന് പോകാൻ നിശ്ചയിതും ഇവിടുത്തെ തിരിക്ക് കൂടാൻ ഇടയാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം