ദില്ലി: പൗരത്വഭേദഗതിക്കെതിരായ  പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സീതാറാം യെച്ചൂരി, ഡി രാജ,  ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍ പങ്കെടുത്തു. നാളെ  പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിഷേധം അറിയിക്കും.  വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച.  ഇന്ന് വൈകിട്ട് നടത്താനിരുന്ന കൂടിക്കാഴ്ച പിന്നീട് നാളേയ്ക്ക് മാറ്റുകയായിരുന്നു. 

പൗരത്വഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനെതിരെ ജാമിയയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ അപലപനീയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 'അനുവാദം ഇല്ലാതെ ക്യാമ്പസുകളിൽ കയറാൻ പൊലീസിന് അധികാരം ഇല്ല. ഉന്നത വിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമം കൂടിയാണ് ഇപ്പോൾ നടക്കുന്നത്. പൗരത്വഭേദഗതി നിയമത്തിൽ നടക്കുന്നത് ഹിന്ദു-മുസ്ലിം പ്രശ്നങ്ങളല്ല. പകരം ഭരണഘടനാപരമായ പ്രശ്നമാണ്.

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഭരണഘടനയെയാണ് പിന്തുടരുന്നത്. രാഷ്ട്രപതിക്ക് കീഴിൽ ആണ് കേന്ദ്ര സർവകലാശാലകൾ പ്രവർത്തിക്കുന്നത്.ജാമിയ ഉൾപ്പടെയുള്ള സർവകലാശാലകളിൽ ഇപ്പോൾ നടക്കുന്ന അതിക്രമങ്ങൾ രാഷ്ട്രപതിയെ ബോധിപ്പിക്കും'. പൊതുമുതൽ നശിപ്പിച്ച് കൊണ്ടുള്ള അക്രമങ്ങളെ അംഗീകരിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങൾ നയിക്കണമെന്നും സീതാരാം യെച്ചുരി കൂട്ടിച്ചേര്‍ത്തു. 

ജാമിയയില്‍ നടന്ന ആക്രമണങ്ങളില്‍  ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പൊലീസ് സർവകലാശാലയുടെ ലൈബ്രറിയിലും മൂത്രപ്പുരകളിലും വരെ കയറി വിദ്യാർഥികളെ മർദിച്ചു. പെൺകുട്ടികളെ പോലും പൊലീസ് ക്രൂരമായി മർദ്ദിച്ചു. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിയമത്തിന് എതിരെ ജനങ്ങൾ ശക്തമായി മുന്നോട്ട് വരികയാണ്. ഈ ബിൽ ഭരണഘടന വിരുദ്ധമാണ്. രാജ്യത്ത് ഇപ്പൊൾ നടക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദില്ലിയിലെ ജാമിയ മിലിയയില്‍ ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന് ഡിരാജ ആവശ്യപ്പെട്ടു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ഉടനടി ചികിത്സ നൽകും എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ല. ഇന്നലെ നടന്ന ആക്രമണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ഡിരാജ കൂട്ടിച്ചേര്‍ത്തു.