Asianet News MalayalamAsianet News Malayalam

ജോഷിമഠില്‍ സംഭവിക്കുന്നതെന്ത്? പുനരധിവാസം, പലായനം, ഭൌമ പ്രതിഭാസത്തിന് കാരണം

ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് ജോഷിമഠ്. ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയുംകൊണ്ടാണ് ഈ പ്രദേശം രൂപപ്പെട്ടിട്ടുള്ളത്. 1976ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മിറ്റി ജോഷിമഠില്‍ അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്ഥലം കൂടിയാണ് ഇവിടം

Joshimath sinking hill town in Uttarakhand
Author
First Published Jan 10, 2023, 10:53 AM IST

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സമുദ്ര നിരപ്പില്‍ നിന്ന്  6150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ജോഷിമഠ് അഥവാ ജ്യോതിര്‍മഠ്. ഹിമാലയം കീഴടക്കാനെത്തുന്ന മിക്കവരുടേയും ബേസ് ക്യാംപ് കൂടിയാണ് ഈ പട്ടണം. ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ആദ്യത്തേതും ഇവിടെയാണെന്ന പ്രത്യേകരതയും ജോഷിമഠിനുണ്ട്. മലകളാല്‍ ചുറ്റപ്പെട്ട പരിസ്ഥിതി ലോല മേഖല കൂടിയാണ് ഇവിടം. 

നിലവില്‍ നാട്ടുകാര്‍ നേരിടുന്ന പ്രശ്നം
കെട്ടിടങ്ങളില്‍ വലിയതും ചെറുതുമായ വിള്ളല്‍ വീഴുന്നതും ഭൂമിക്കടിയിൽ നിന്ന്  പുറത്തേക്ക് ശക്തമായ നീരൊഴുക്കും ഭൂമി ഇടിഞ്ഞ് താഴുന്നതുമാണ് നിലവില്‍ ജോഷിമഠിലെ താമസക്കാരെ വലയ്ക്കുന്ന പ്രശ്നം. നിലവില്‍ പ്രദേശത്തുള്ള അതിശൈത്യം ഇത്തരം പ്രതിഭാസങ്ങളുടെ ആക്കം കൂട്ടിയെന്നും ജോഷിമഠിലുള്ളവര്‍ പറയുന്നു. അറുനൂറ് വീടുകളാണ് വീണ്ട് കീറിയ നിലയില്‍ ജോഷിമഠില്‍ നിലവിലുള്ളത്. ഈ വീടുകളിലെല്ലാം തന്നെ ഓരോ ദിവസം കഴിയുമ്പോള്‍ വിള്ളലുകള്‍ കൂടുതലായി വരികയാണ്. 

ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് ജോഷിമഠ്. ഹിമാലയന്‍ മലനിരകളില്‍ ഭൂചലനത്തില്‍ ഇടിഞ്ഞുവീണ മണ്ണും പാറയുംകൊണ്ടാണ് ഈ പ്രദേശം രൂപപ്പെട്ടിട്ടുള്ളത്. 1976ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മിറ്റി ജോഷിമഠില്‍ അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച സ്ഥലം കൂടിയാണ് ഇവിടം. എന്നാല്‍ വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന ഇവിടെ യാതൊരുവിധ നിയന്ത്രണങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. 

പലായനം
താമസിക്കുന്ന കെട്ടിടം തകര്ന്ന് വീഴുമോയെന്ന ഭീതി നിമിത്തം നിരവധിപ്പേരാണ് മേഖലയില്‍ ഇതിനോടകം വീട് ഉപേക്ഷിച്ച് പോയിട്ടുള്ളത്. പട്ടണത്തിലുള്ളവരുടെ ആശ്രയമായിരുന്ന ഒരു ക്ഷേത്രം ഇതിനോടകം വിള്ളല്‍ വീണ് തകര്‍ന്ന് വീണുകഴിഞ്ഞു. സ്വയം വീടുകള്‍ ഒഴിഞ്ഞ് പോകുന്നവരേയും സര്‍വ്വേകളില്‍ റെഡ് സോണിലായ മേഖലകളിലെ കെട്ടിടങ്ങളില്‍ നിന്ന് ആത്മരക്ഷാര്‍ത്ഥം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലേക്ക് മാറുകയാണ് നാട്ടുകാര്‍. എന്നാല്‍ എത്രകാലം ഇങ്ങനെ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ കഴിയേണ്ടി വരുമെന്നോ ജോഷിമഠിലേക്ക് തിരികെ വരാനാവുമോയെന്നോ എന്ന ആശങ്ക നാട്ടുകാരില്‍ വ്യാപകമാണ്. 

ഭൂഗര്‍ഭപാളികളിലെ വെള്ളം ഒഴുകിയിറങ്ങിയതാവാം നിലവിലെ പ്രതിഭാസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എന്‍ടിപിസിയുടെ വൈദ്യുത പദ്ധതിക്കുള്ള തുരങ്ക നിര്‍മ്മാണമാണ് നിലവിലെ പ്രശ്നങ്ങളും കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിലവിലെ പ്രതിഭാസങ്ങളേക്കുറിച്ച് ഐഐടി റൂര്‍ക്കിയും ഐഎസ്ആര്‍ഒയും അടക്കമുള്ള സംഘങ്ങള്‍ പഠനം നടത്തുന്നുണ്ട്. കനത്ത ജാഗ്രതയിലാണ് ദേശീയ ദുരന്തനിവാരണ സേനയും  പൊലീസുമുള്ളത്. ആവശ്യമെന്നുവന്നാല്‍ സൈന്യത്തേയും മേഖലയില്‍ വിന്യസിക്കാനാണ് നീക്കം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസമിതി ജോഷിമഠിലെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ ഇടപെടല്‍
അപകട സാധ്യത മുന്നില്‍ കണ്ട് ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാരുള്ളത്. ഇതുവരെ 81 കുടുംബങ്ങളെയാണ് ജോഷിമഠില്‍ നിന്ന് പുനരധിവസിപ്പിച്ചിട്ടുള്ളതെന്നാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ താല്‍ക്കാലിക ഇടങ്ങളിലേക്കാണ് ഈ മാറ്റിപ്പാര്‍പ്പിക്കലുകള്‍ നടക്കുന്നത്. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. ജോഷിമഠിനു പുറത്ത് പീപ്പൽകൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങൾ കണ്ടെത്തി നൽകിയിട്ടുണ്ട്. 2,65,000 രൂപയാണ് ആദ്യഘട്ടത്തിൽ അടിയന്തര ധനസഹായമായി നൽകിയത്.

Follow Us:
Download App:
  • android
  • ios