ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകനായ പപ്പു സിങ് എന്ന ലക്‌മി നാരായൺ സിങിനെ വെട്ടിക്കൊലപ്പെടുത്തി. പ്രയാഗ്‌രാജിൽ ഹോട്ടലിന് മുൻപിൽ വച്ചാണ് ഇയാളെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി നാരായൺ സിങ് (പപ്പു സിങ് - 54) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ് അശോക് സിങിൻ്റെ അനന്തരവനാണ് ഇദ്ദേഹം. പ്രയാഗ്‌രാജിലെ ഹോട്ടലിന് സമീപത്ത് വച്ചാണ് പപ്പു സിങ് ആക്രമിക്കപ്പെട്ടത്.
ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകൾ കണ്ടെത്തിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. കഴുത്തിലും വയറിലും കൈകളിലുമായാണ് കുത്തേറ്റ പരിക്കുകളുള്ളത്. ഗുരുതരമായി പരിക്കേറ്റ് വഴിയിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ പ്രയാഗ്‌രാജിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലെത്തും മുൻപേ ഇദ്ദേഹം മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിശാൽ എന്നയാൾ പൊലീസിൻ്റെ പിടിയിലായതായാണ് വിവരം. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.


