ദില്ലി: ലോകം മുഴുവനും കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. കൈ കഴുകിയും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ തുരത്താനാണ് ആരോ​ഗ്യ പ്രവർത്തകരും അധികൃതരും ആവർത്തിച്ച് ആവശ്യപ്പെടുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് ബന്ധപ്പെട്ട്  ബീഹാറിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകന്റെ ഇന്റർവ്യൂ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മഹാമാരി വ്യാപനത്തിനിടയിലും മാസ്ക് ധരിക്കാതെ യഥേഷ്ടം നടന്നു പോകുന്ന രണ്ട് കഴുതകളെയാണ് മാധ്യമപ്രവർത്തകൻ ഇന്റർവ്യൂ ചെയ്യുന്നത്. കൊവിഡ് വ്യാധിയെ പ്രതിരോധിക്കാൻ മാസ്കുകൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് വ്യക്തമാക്കുന്ന ഈ തമാശ നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 

'പൊതുസ്ഥലത്ത് മാസ്കില്ലാതെ പോകുന്നത് എവിടേക്കാണ്' എന്ന് കഴുതകളോട് ചോദിച്ചു കൊണ്ടാണ് ഇയാളുടെ അഭിമുഖം ആരംഭിക്കുന്നത്. മാസ്ക് ധരിക്കാത്തത് ആരാണെന്ന് തിരിച്ചറിയാൻ അദ്ദേഹം വഴിയാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്. മാസ്ക് ധരിക്കാത്തവർ വിഡ്ഢികളാണെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് മാധ്യമപ്രവർത്തകൻ ചെയ്യുന്നത്. 

ക്യാമറ കണ്ടപ്പോൾ ​​ഗംച (ഷോൾ പോലെയുള്ള പരമ്പരാ​ഗത വസ്ത്രം) ഉപയോ​ഗിച്ച് മുഖം മറയ്ക്കാൻ ശ്രമിച്ച വയോധികനോടാണ് മാധ്യമപ്രവർത്തകൻ ആദ്യം ചോദ്യം ചോദിച്ചത്. അങ്കിള്‍, നിങ്ങളെ കണ്ടിട്ട് ബുദ്ധിമാനാണെന്ന് തോന്നുന്നു. ക്യാമറ കണ്ടപ്പോൾ നിങ്ങൾ ​ഗംച കൊണ്ട് മുഖം മറച്ചു. ക്യാമറയിൽ നിന്നാണോ കൊറോണ വൈറസിൽ നിന്നാണോ നിങ്ങൾ സ്വയം രക്ഷിക്കേണ്ടത്?' കൊറോണ വൈറസിൽ നിന്ന് എന്നായിരുന്നു വയോധികന്റെ ഉത്തരം. 

ട്വീറ്ററിൽ വ്യാപകമായി ഈ വീഡിയോ പ്രചരിക്കുകയാണ്. മാധ്യമപ്രവർത്തകൻ അടിപൊളിയാണെന്നും മികച്ച രീതിയിലുള്ള അവബോധമാണിതെന്നും ട്വിറ്റർ യൂസേഴ്സ് പ്രതികരിക്കുന്നു. കൊവിഡ് ബോധവത്കരണത്തിനുള്ള ഏറ്റവും നൂതനമായ മാർ​ഗം എന്നും ചിലർ ട്വീറ്റ് ചെയ്തു.