കേസിൽ ഒരു വര്‍ഷത്തിലധികമായി ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ.
ദില്ലി: മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ ഏഴ് പേര്‍ക്കെതിരായ കേസുകൾ മഥുര കോടതി ലക്നൗവിലെ എൻഐഎ കോടതിയിലേക്ക് മാറ്റി. യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയ സാഹചര്യത്തിലാണ് കേസ് എൻഐഎ കോടതിയിലേക്ക് മാറ്റിയത്. ഹാഥ്റസിൽ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. ഹാഥ്റസിൽ സംഘര്‍ഷമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തി എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കേസിൽ ഒരു വര്‍ഷത്തിലധികമായി ജയിലിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ.
പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചായിരുന്നു ഹാഥ്റസിലേക്കുള്ള യാത്രക്കിടെ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്. കാപ്പനൊപ്പം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാഥ്റസിൽ കലാപം നടത്താൻ എത്തിയവരാണെന്ന് ആരോപിച്ച് പിന്നീട് യുപി പൊലീസ് ഇവർക്കെതിരെ യുഎപിഎ ചുമത്തി. ജ്യാമത്തിനായുള്ള നിയമപ്പോരാട്ടം സുപ്രീം കോടതിയിലേക്ക് അടക്കം നീണ്ടെങ്കിലും ഇപ്പോഴും കാപ്പൻ ജയിലാണ്. സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് ആരോപിക്കുന്നത്.
5000 പേജുള്ള കുറ്റപത്രത്തിൽ കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കാപ്പന്റെ ലേഖനങ്ങൾ പ്രകോപനപരമായിരുന്നുവെന്നും പറയുന്നു. എന്നാൽ തെളിവുകൾ അടക്കം കെട്ടിച്ചമച്ചുള്ള നീക്കമാണ് യുപി പൊലീസ് നടത്തുന്നതെന്നും ഒരു വർഷമായിട്ടും കുറ്റപത്രത്തിന്‍റെ അസൽ പകർപ്പുകൾ ഇതുവരെ നൽകിയിട്ടില്ലെന്നും അഭിഭാഷകൻ പറയുന്നു. ഒരു വർഷത്തെ ജയിൽവാസത്തിനിടെ അമ്മയെ കാണാൻ ഒരു തവണ മാത്രമാണ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്, ഒരു തവണ ചികിത്സയ്ക്കായി ദില്ലിയിൽ കൊണ്ടു വന്നു.
