ദില്ലി: പൗരത്വബില്ലില്‍ നേതാക്കള്‍ രാഷ്ട്രീയതാത്പര്യം മാറ്റിവച്ച് രാജ്യതാത്പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. പൗരത്വ ബില്ലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പൗരത്വബില്‍ മൂലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരില്ലെന്നും ഭരണഘടനയിലെ സമത്വം എന്ന ആശയത്തെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെടുന്നത് അര്‍ത്ഥശൂന്യമാണെന്നും ജെപി നദ്ദ പറഞ്ഞു. 

ബംഗ്ലാദേശിലടക്കം അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെക്കുറിച്ചും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടതില്ലെ മാനുഷികവശത്തെക്കുറിച്ചും 2003-ല്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസംഗവും ജെപി നദ്ദ രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

ജെപി നദ്ദയുടെ വാക്കുകള്‍...

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ പീഡനത്തിനിരയായി ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. രാഷ്ട്രവിഭജനകാലത്ത് ആ പ്രവൃത്തിക്ക് നേതൃത്വം വഹിച്ചവര്‍ ആഗ്രഹിച്ചത് രണ്ട് രാജ്യങ്ങളിലേയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ലഭിക്കണം എന്നാണ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ജവഹര്‍ലാല്‍ നെഹ്റുവും ലിയാഖത്ത് അലിയും ചേര്‍ന്നുണ്ടാക്കിയ ധാരണ പ്രകാരം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാവേണ്ടിയിരുന്നു. 1950-ല്‍ പുതിയൊരു ഭരണഘടന സ്ഥാപിച്ച് ഇന്ത്യയെ ഒരു ജനാധിപത്യ മതേതര റിപബ്ളിക് ആക്കി മാറ്റി നമ്മുടെ മുന്‍ഗാമികള്‍ വാക്കുപാലിച്ചു. എന്നാല്‍ പാകിസ്ഥാന്‍ ഒരു ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. 

പോയ വര്‍ഷങ്ങളില്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെ കുത്തനെ കുറഞ്ഞെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വര്‍ധിച്ചെന്നും നാം കണ്ടു. ഭരണഘടനയിലെ 14-ാം വകുപ്പ് ഉദ്ധരിച്ച് കൊണ്ട് പൗരത്വബില്‍ സമത്വത്തിന് എതിരാണ് എന്ന് പല അംഗങ്ങളും ചൂണ്ടിക്കാട്ടിയതായി കണ്ടു. പൗരത്വബില്‍ സമത്വം എന്ന ആശയത്തിന് എതിരാണ്. നിങ്ങളെനിക്കൊപ്പം പാകിസ്ഥാനിലേയോ ബംഗ്ലാദേശിലേയോ അതിര്‍ത്തി മേഖലകളിലേക്ക് വരൂ. ഹിന്ദു അഭയാര്‍ത്ഥികള്‍ പാകിസ്ഥാനില്‍ നേരിടുന്ന പീഡനങ്ങള്‍ കണ്ടാല്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ നിങ്ങള്‍ തന്നെ മുന്‍കൈയ്യെടുക്കും. 

രാഷ്ട്രീയ താത്പര്യം മാറ്റിവച്ച് രാജ്യതാത്പര്യം മുന്നോട്ട് വയ്ക്കേണ്ട സന്ദര്‍ഭമാണിത്. പൗരത്വബില്ലിനെക്കുറിച്ച് തീര്‍ത്തും വ്യാജമായ പ്രചാരണങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് അഭ്യന്തരമന്ത്രി ഉറപ്പ്നല്‍കിയിട്ടുണ്ട്.