ദില്ലി: ആരാധനാ സ്വാതന്ത്ര്യത്തിലടക്കം ലിംഗനീതി വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതി ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് വിധി പ്രസ്താവിച്ച് ഒരു വർഷം പിന്നിടുമ്പോൾ തനിയ്ക്ക് ലഭിച്ച ഭീഷണികളെക്കുറിച്ചടക്കം വെളിപ്പെടുത്തി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. 

2018 സെപ്തംബർ 28 - ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ച് സുപ്രധാനവിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഢ് എന്നിവർ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോൾ ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര യുവതീപ്രവേശനം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതി. 

ലിംഗനീതിയിലധിഷ്ഠിതമായി ഇന്ത്യൻ ജുഡീഷ്യറി പുറപ്പെടുവിച്ച സുപ്രധാന വിധിയായി ഈ വിധിന്യായം വാഴ്‍ത്തപ്പെട്ടെങ്കിലും മത, സാമുദായിക സംഘടനകളുടെ കടുത്ത പ്രതികരണങ്ങളാൽ കേരളം കലാപത്തിന്‍റെ വക്കോളമെത്തി. പുരോഗമനപരമായി ചിന്തിക്കുന്നെന്ന് കരുതപ്പെടുന്ന കേരളം ഇത്തരത്തിൽ പ്രതികരിച്ചത് ന്യായാധിപരെപ്പോലും അദ്ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറയുന്നു. വിധിയ്ക്ക് ശേഷം തനിയ്ക്ക് ലഭിച്ചത് മോശമായ ഭാഷയിലുള്ള നിരവധി ഭീഷണികളാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വെളിപ്പെടുത്തി. എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വെളിപ്പെടുത്തൽ.

''വിധി വന്ന ശേഷം എന്‍റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ എന്നോട്, താങ്കൾ സാമൂഹ്യമാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്. ഇല്ല, വാട്‍സാപ്പിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുമായും സംസാരിക്കാറുണ്ട് എന്നതൊഴിച്ചാൽ എനിക്ക് മറ്റ് സാമൂഹ്യമാധ്യമങ്ങളിലൊന്നും അക്കൗണ്ടില്ലെന്ന് ഞാനവരോട് പറഞ്ഞു. എങ്കിൽ അക്കൗണ്ടുകൾ തുടങ്ങരുത് - അവർ എന്നോട് പറഞ്ഞു. ഭയപ്പെടുത്തുന്ന തരം ഭീഷണികളാണ് സാമൂഹ്യമാധ്യമങ്ങളിൽ വരുന്നത്. പേടിപ്പിക്കുന്നതാണത്. വിധി പറഞ്ഞ ന്യായാധിപരുടെ സുരക്ഷയോർത്ത് ഞങ്ങൾ പലപ്പോഴും ഉറങ്ങിയില്ല - അവരെന്നോട് പറഞ്ഞു', എന്ന് ചന്ദ്രചൂഢ്.

'വിധിയിൽ ഉറച്ചു നിൽക്കുന്നു, എതി‍ർപ്പുകളോടും ബഹുമാനം'

എന്നാൽ ഭീഷണികൾക്കോ പൊതുവികാരമോ അടിസ്ഥാനപ്പെടുത്തി വിധിന്യായങ്ങൾ പുറപ്പെടുവിയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു അദ്ദേഹം. അക്കാര്യത്തിൽ സ്വന്തം അച്ഛന്‍റെ പിൻമുറക്കാരനാണ് ഡി വൈ ചന്ദ്രചൂഢ്. അദ്ദേഹത്തിന്‍റെ അച്ഛൻ വൈ വി ചന്ദ്രചൂഢ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന ന്യായാധിപനാണ്. അടിയന്തരാവസ്ഥ ഉൾപ്പടെയുള്ള കാലങ്ങളിൽ നിരവധി വിവാദമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചയാൾ. ''വിമർശനം ഈ സംവിധാനത്തിലുണ്ടാകും. അതിനെതിരെ തോൾ വിരിച്ച് നിൽക്കണം. പക്ഷേ, എല്ലാവർക്കും അഭിപ്രായം പറയാനും അവകാശമുണ്ടാകണം'', അദ്ദേഹം പറഞ്ഞു.

ശബരിമല വിധിന്യായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് പറയുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്. ശബരിമലയിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തുന്നത് തൊട്ടുകൂടായ്മ സമ്പ്രദായം പോലെയാണ്. അവരുടെ ഭരണഘടനാ അവകാശങ്ങൾ ഹനിക്കുന്നതുമാണ്. 

''വിധിന്യായത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭിന്ന വിധി എഴുതിയത് പോലെ, വിവിധങ്ങളായ കാഴ്ചപ്പാടുകളും ജുഡീഷ്യറിയിലുണ്ടാകും. അതിനെ തീർച്ചയായും ഞാൻ ബഹുമാനിക്കുന്നു. ഒരു സ്ത്രീയ്ക്ക് എങ്ങനെ സ്ത്രീകളുടെ അവകാശങ്ങൾ വേണ്ടെന്ന് പറയാനാകും എന്ന് എന്‍റെ ക്ലർക്കുമാരിൽ ചിലർ ചോദിച്ചു. സ്ത്രീകൾ ഇങ്ങനെ ചിന്തിക്കണമെന്നോ, പുരുഷൻമാർ ഇങ്ങനെ ചിന്തിക്കണമെന്നോ നമ്മൾ അല്ല തീരുമാനിക്കേണ്ടത്, അതല്ല ശരിയെന്നാണ് ഞാനവരോട് മറുപടിയായി പറഞ്ഞത്'', ജസ്റ്റിസ് ചന്ദ്രചൂഢ് പറയുന്നു.