ദില്ലി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ വിമർശനവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ. ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയെന്ന് ജസ്റ്റിസ് ലോകുർ കുറ്റപ്പെടുത്തി. അതേസമയം,സ്ഥാനം ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി സൂചന നല്കി

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തുള്ള വിജ്ഞാപനം ഇന്നലെ വൈകിട്ടാണ് പുറത്തിറിക്കിയത്. വിമർശനം ഉയരുമ്പോഴും അംഗത്വം സ്വീകരിക്കും എന്ന് തന്നെയാണ് ജസ്റ്റിസ് ഗൊഗോയി വ്യക്തമാക്കുന്നത്. ദില്ലിയിലേക്ക് പോകുമെന്ന് ഗുവാഹത്തിയിൽ ജസ്റ്റിസ് ഗൊഗോയി മാധ്യമങ്ങളോട് പറ‍ഞ്ഞു. സത്യപ്രതിജ്ഞയ്ക്കു ശേഷം കൂടുതൽ പറയാം എന്നും ജസ്റ്റിസ് ഗൊഗോയി അറിയിച്ചു.

Read Also: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക്, അപൂർവ നടപടി

 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയ്ക്കെതിരെ വാർത്താസമ്മേളനം നടത്തിയ നാലു ജഡ്ജിമാരിൽ ഒരാളായിരുന്നു ജസ്റ്റിസ് ഗൊഗോയി. ആ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റിസ് മദൻ ബി ലോകുർ ഒരു കോട്ട കൂടി വീണോ എന്ന് ചോദിച്ചാണ് ഈ വാർത്തയോട് പ്രതികരിച്ചത്. ജുഡീഷ്യറിയുടെ വിശ്വാസ്യത, ഗരിമ, നിഷ്പക്ഷത എന്നിവയെ ബാധിക്കുന്ന തീരുമാനമെന്നും ജസ്റ്റിസ് ലോകുർ പറഞ്ഞു. ജഡ്ജിമാരുടെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്ന് കോൺഗ്രസ് പ്രതികരിച്ചു

മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിൽ എത്തിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി തിരിച്ചടിക്കുന്നത്. അയോധ്യ, ശബരിമല, റഫാൽ തുടങ്ങിയ പ്രധാനവിധികൾ പറഞ്‍ഞ ജസ്റ്റിസ് ഗൊഗോയി ഈ സ്ഥാനം സ്വീകരിച്ചത് നിയമരംഗത്ത് വൻ അതൃപ്തിക്ക് ഇടയാക്കുകയാണ്. 

Read Also: ജസ്റ്റിസ് രഞ്‌ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വം; കോണ്‍ഗ്രസ് തുടങ്ങിവച്ച കീഴ്‌വഴക്കം, ബിജെപി ആവർത്തിക്കുമ്പോള്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക