ഭൂമിയും ആകാശവും തമ്മിലുള്ള അന്തരം ഇരുനേതാക്കളും തമ്മിലുണ്ട്. ഇരുവരുടെ പ്രവര്‍ത്തന ശൈലിയിലും ഏറെ വ്യത്യസ്തതകളുണ്ടെന്ന് ജ്യോതിരാദിത്യ സിന്ധ്യ

നരേന്ദ്ര മോദിയും (Narendra Modi) മന്‍മോഹന്‍ സിംഗും (Manmohan Singh) തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ(Jyotiraditya Scindia). മന്‍മോഹന്‍ സിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ ഫലത്തെ ലക്ഷ്യമാക്കി ചലനാത്മകതയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്. ഈ രണ്ട് നേതാക്കള്‍ തമ്മില്‍ താരതമ്യം ചെയ്യല് സാധ്യമല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ക്കുന്നു.

ഭൂമിയും ആകാശവും തമ്മിലുള്ള അന്തരം ഇരുനേതാക്കളും തമ്മിലുണ്ട്. ഇരുവരുടെ പ്രവര്‍ത്തന ശൈലിയിലും ഏറെ വ്യത്യസ്തതകളുണ്ട്. കഴിഞ്ഞ നാലുമാസമായി പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രവര്‍ത്തനത്തില്‍ ഫലേച്ഛുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടേത്. ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന എന്നേപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സുവര്‍ണ അവസരമാണ് മോദി സര്‍ക്കാരിനൊപ്പമുള്ളതെന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

ബിജെപി പശ്ചാത്തലത്തില്‍ നിന്നല്ലാതെയുള്ള നേതാക്കളില്‍ മോദി സര്‍ക്കാരില്‍ ഉയര്‍ന്ന സ്ഥാനത്താണ് ജ്യോതിരാദിത്യ സിന്ധ്യയുള്ളത്. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കേന്ദ്ര മന്ത്രിയായും ജ്യോതിരാദിത്യ സിന്ധ്യ സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. 25ഓളം എംഎല്‍എമാരാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍‌ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 

ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുടെ ടീം അംഗങ്ങളില്‍ പ്രധാനിയും വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഷ്ട്രീയത്തില്‍ സ്ഥിര ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി, കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. ഗ്വാളിയോര്‍ രാജകുടുംബത്തില്‍ നിന്നാണ് സിന്ധ്യയുടെ വരവ്. പിതാവ് മാധവറാവു സിന്ധ്യയുടെ മരണത്തോടെ ഗുണയില്‍ നിന്ന് ജനവിധി തേടി. അങ്ങനെ മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ മന്ത്രിയുമായി. എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാര നഷ്ടം വന്നതോടെ മധ്യപ്രദേശില്‍ കമല്‍നാഥ്, ദിഗ് വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ ത്രയം രൂപപ്പെട്ടു.

പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ക്കിടയിലും 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും കമല്‍നാഥ് മുഖ്യമന്ത്രിയാകുകയും ചെയ്തു. പാര്‍ട്ടിയിലും സര്‍ക്കാറിലും ഉന്നത സ്ഥാനം ലഭിക്കുമെന്ന സിന്ധ്യയുടെ ആഗ്രഹങ്ങള്‍ അതേപടി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇതിന് പിന്നാലെയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.