തമിഴ്നാട് ബിജെപി നേതാവ് കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പുതിയ പാർട്ടി രൂപീകരിക്കുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളും തമിഴ്നാടിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ പൊരുത്തക്കേടുകളുമാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ. അണ്ണാമലൈ പാർട്ടി വിട്ടു. പുതിയ പാർട്ടി തുടങ്ങുമെന്ന് അണ്ണാമലൈ അറിയിച്ചു. രാജിക്ക് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാമലൈ രംഗത്തെത്തി. ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിച്ചിരുന്നില്ലെന്നും താൻ ഏറെ പരിശ്രമിച്ചുവെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. പല തടസ്സങ്ങൾക്കിടയിലും കുറച്ചൊക്കെ ജയിക്കാനായി. ബിജെപിക്ക് തമിഴ്നാടിനെ കുറിച്ചുള്ള കാഴ്ചപ്പാടുമായി തനിക്ക് യോജിക്കാനായില്ല. 18 മാസമായി അഭിപ്രായഭിന്നതകൾ തുടരുകയായിരുന്നു. ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വളർത്താൻ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് അണ്ണാമലൈയുടെ നീക്കം.
സാധാരണക്കാർക്കായി പാർട്ടി രൂപീകരിക്കും. We the leader സൈറ്റിൽ വോളന്റിയർമാരാകാൻ അപേക്ഷിക്കാം. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ പേരിൽ പ്രവർത്തകർക്കായി പരിശീലന കേന്ദ്രം തുടങ്ങും. തമിഴ്നാട്ടിൽ ജനിച്ച് പ്രഥമപൗരൻ ആയി വളർന്ന കലാം മാർഗദർശിയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജനകീയ കൂട്ടായ്മ തുടങ്ങും. പിന്നീട് രാഷ്ട്രീയപാർട്ടി ആകും. ‘മാറാം, മാറ്റാം’ എന്നതായിരിക്കും മുദ്രാവാക്യം. മാറ്റം ആഗ്രഹിക്കുന്ന യുവാക്കൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചോദിതനായി, തമിഴ്‌നാട്ടിൽ നല്ലൊരു മാറ്റം കൊണ്ടുവരാനും സംസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തന രീതി മെച്ചപ്പെടുത്താനുമായി ആറ് വർഷം മുമ്പാണ് ബിജെപിയിൽ ചേർന്നതെന്നും രാഷ്ട്രീയം എന്നത് ഒരു വിഭാഗം പ്രമാണിമാർക്കും തിരഞ്ഞെടുത്ത കുറച്ചുപേർക്കും മാത്രമുള്ളതാണെന്ന ധാരണ മാറ്റാൻ ഞാൻ ആഗ്രഹിച്ചു. അനുഭവസമ്പത്ത് ഇല്ലാതിരുന്നിട്ടും, വലിയ ഉത്തരവാദിത്തങ്ങളും നേതൃസ്ഥാനങ്ങളും നൽകി എന്നെ വിശ്വസിച്ച ബി.ജെ.പി നേതൃത്വത്തോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി. .
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കാൻ ദേശീയ പാർട്ടികൾക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഈയൊരു വിശ്വാസത്തെ തിരുത്താനാണ് ഞാൻ ശ്രമിച്ചത്. ഉള്ളിൽ നിന്നും പുറത്തു നിന്നുമുള്ള നിരവധി തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും അതിൽ ന്യായമായ വിജയം കണ്ടെത്താനും സാധിച്ചു. കഴിഞ്ഞ 18 മാസങ്ങളായി ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി നടത്തിയ നിരവധി ചർച്ചകളെക്കുറിച്ചും ഞാൻ പ്രകടിപ്പിച്ച വിയോജിപ്പുകളെക്കുറിച്ചും സ്മരിക്കുന്നു. ഇനിമേൽ ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുതിർന്ന നേതൃത്വവുമായുള്ള ചർച്ചകൾക്ക് ശേഷം, തമിഴ്‌നാടിനെ സംബന്ധിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാടുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന നിഗമനത്തിലാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാ ചുമതലകളിൽ നിന്ന് എന്നെ അടിയന്തരമായി ഒഴിവാക്കണമെന്നും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള എന്റെ രാജി ഉടനടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
