കെ അണ്ണാമലൈ ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന അഭ്യൂഹം ശക്തം. വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന അഭ്യൂഹം ശക്തം. ഈയാഴ്ച പുതിയ പാർട്ടി പ്രഖ്യാപനമെന്ന് അണ്ണാമലൈ അനുകൂലികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അണ്ണാമലൈ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അണ്ണാമലൈ ഒന്നും പറയാത്തതിനാൽ അഭ്യൂഹങ്ങൾ ഉയരുന്നുവെന്നും വിനോജ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, അണ്ണാമലൈ ഉടൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്നലെയാണ് അണ്ണാമലൈ തിരിച്ചെത്തിയത്. ഈയാഴ്ച അണ്ണാമലൈ രജനികാന്തിനെ കാണുമെന്നും സൂചനയുണ്ട്. തമിഴ്നാട്ടിൽ ഒരു പുതിയ പാർട്ടി വരുന്നതായി കോൺഗ്രസ് എംപി കാർത്തി ചിദംബരവും പ്രതികരിച്ചു. പാര്‍ട്ടിയുടെ പേര് കൗതുകകരമാണെന്നും കോൺഗ്രസ് കാർത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് അഭ്യൂഹം.
തമിഴ്നാട് ബിജെപിയിലെ ഏറ്റവും ജനകീയനായ നേതാവ് പാർട്ടി വിടുമോ?
അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനില്കുകയായിരുന്നു കെ അണ്ണാമലൈ. ടിവികെ ചരിത്ര മുന്നേറ്റം നടത്തുമെന്ന് വോട്ടെണ്ണലിന് മുൻപ് തന്നെ പ്രവചിച്ചിരുന്ന അണ്ണാമലൈ ഒരു സർപ്രൈസ് വരുന്നുണ്ടെന്ന് അടുപ്പമുള്ളവരോട് പറയുകയും ചെയ്തിരുന്നു. മക്കൾ ശക്തി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരണമാകും ആ സർപ്രൈസ് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. സിബിഎസ്ഇ ത്രിഭാഷ നയത്തിൽ കേന്ദ്രത്തെ വിമർശിച്ചുള്ള അണ്ണാമലൈയുടെ പോസ്റ്റും തമിഴ്നാട്ടിൽ ഒരു രാഷ്ട്രീയ പാർട്ടി കൂടി വരുമെന്ന കോൺഗ്രസ്സ് എംപി കാർത്തി ചിദംബരത്തിന്റെ പ്രതികരണവും അഭ്യൂഹങ്ങൾ വർധിക്കുന്നതിനും കാരണമായി. തുടക്കത്തിൽ സന്നദ്ധസംഘടനയും പിന്നീട് രാഷ്ട്രീയ പാർട്ടിയും എന്നും സംസാരമുണ്ട്.
വിദേശത്ത് നിന്ന് ഇന്നലെ തിരിച്ചെത്തിയ അണ്ണാമലൈയുടെ മനസ്സിൽ എന്താണെന്ന് വിശ്വാസതർക്ക് പോലും പറയാനും കഴിയുന്നില്ല. അതേസമയം, പാർട്ടി ദേശീയ നേതൃത്വത്തിലും കേന്ദ്രമന്ത്രിസഭയിലും പുനഃസംഘടന അടുത്തിരിക്കെ അണ്ണാമലൈയുടെ സമ്മർദതന്ത്രമാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ എന്ന പ്രചാരണവും ചില ബിജെപി അനുകൂല ഹാൻഡലുകളിലും കാണുന്നുണ്ട്. അണ്ണാമലൈ എന്ത് തീരുമാനിച്ചാലും അത് നരേന്ദ്ര മോദിയുടെ മൗനസമ്മതം ഇല്ലാതെ ആകില്ലെന്ന് പറയുന്ന രാഷ്ട്രീയ നിരീക്ഷകരും കൂടി ആകുമ്പോൾ തമിഴ്നാട് രഹസ്ട്രീയത്തിൽ സസ്പെൻഡ് മുറുകുകയാണ്.

