Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പോലെ സംസാരിക്കുന്നു; വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍

K C Venugopal says governor speak like bjp spokesperson
Author
Delhi, First Published Dec 22, 2019, 6:39 PM IST

ദില്ലി: രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ലമെന്‍റിനെ ബഹുമാനിക്കണമെന്ന് മോദി പറയേണ്ടത് മൈതാനത്തല്ല, പാര്‍ലമെന്‍റിലാണ്. ഏറ്റവും കുറവ് പാര്‍ലമെന്‍റില്‍ വരുന്നത് മോദിയാണ്.  പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പോലെ സംസാരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

മോദി സര്‍ക്കാര്‍ രാജ് ഭവനുകളെ കൂടി എങ്ങനെ രാഷ്ട്രീയവൽകരിക്കുന്നു എന്നതിന്‍റെ പ്രകടമായ ഉദാഹരണമാണ് ഇതെന്നായിരുന്നു വേണുഗോപാലിന്‍റെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നതിനെയും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. പൊലീസ് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും പ്രധാനമന്ത്രി പൊലീസിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പരാമര്‍ശം. 

പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്  സാധിക്കില്ലെന്നും  രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതി  ഇന്ത്യയിലെ പൗരന്മാര്‍ക്ക് വേണ്ടിയുള്ളതല്ല. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ മതത്തിന്‍റെ പേരില്‍ പീഡനം  അനുഭവിക്കുന്നവര്‍ക്കുവേണ്ടിയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി അവസരം ലഭിക്കില്ല. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അവര്‍ക്കായി കസ്റ്റഡി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടേ വ്യാജ പ്രചരണം നടക്കുന്നെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios