ചെന്നൈ: സംഗീതജ്ഞന്‍ ടി എം കൃഷ്ണയുടെ പുസ്കത പ്രകാശനത്തിന് വേദി അനുവദിച്ചത്  റദ്ദാക്കി കലാക്ഷേത്ര ഫൗണ്ടേഷന്‍. ടി എം കൃഷ്ണയുടെ 'സെബാസ്റ്റ്യന്‍ ആന്‍ഡ് സണ്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ്' എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടത്താനുള്ള അനുമതിയാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍ റദ്ദാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കലാക്ഷേത്ര ഫൗണ്ടേഷന്‍. സര്‍ക്കാര്‍ സ്ഥാപമെന്ന നിലയില്‍ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായി സൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാധ്യതയുള്ള പരിപാടികള്‍ കലാക്ഷേത്ര ഫൗണ്ടേഷനില്‍ വച്ച് നടത്താനാവില്ലെന്ന് കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടര്‍ രേവതി രാമചന്ദ്രന്‍ പുസ്തകത്തിന്‍റെ പ്രസാദകര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.

രാഷ്ട്രീയപരമായും വിവാദങ്ങളുണ്ടാക്കുന്നതുമായ ചില കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. കലാക്ഷേത്ര ഫൗണ്ടേഷന്‍റെ ഓഡിറ്റോറിയം പുസ്തക പ്രകാശനത്തിന് നല്‍കിയ സമയത്ത് ഇക്കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ഫൗണ്ടേഷന്‍റെ തീരുമാനത്തില്‍ സങ്കടവും അമ്പരപ്പുമുണ്ടെന്നാണ് വിഷയത്തില്‍ ടി എം കൃഷ്ണ പ്രതികരിച്ചത്.

മൃദംഗത്തിന്‍റെ സൃഷ്ടാക്കളുടെ തലമുറയെ കുറിച്ചുള്ളതാണ് പുസ്തകം. എങ്ങനെയാണ് അത് വിവാദമാകുന്നതെന്നും ടി എം കൃഷ്ണ ചോദിച്ചു. ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വിമര്‍ശകനാണ് ടി എം കൃഷ്ണ. നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.

പൗരത്വ നിയമ ഭേതഗതിക്കെതിരെ ശബ്‍ദമുയർത്താത്ത കലാകാരൻമാർ ഭീരുക്കളാണെന്ന് സംഗീതജ്ഞൻ ടി എം കൃഷ്ണ പറഞ്ഞിരുന്നു. ഭരണഘടന അട്ടിമറിക്കപ്പെടുമ്പോൾ ആദ്യം പ്രതിരോധം തീർക്കേണ്ടത് കലാകാരൻമാരാകണം. സർക്കാർ പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ടിഎം കൃഷ്ണ വിമര്‍ശിച്ചിരുന്നു.