പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് അന്വേഷണ സംഘം അറിയിച്ചു. 


ബംഗളൂരു: കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായതായി അന്വേഷണ ഏജന്‍സി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം. കല്‍ബുര്‍ഗിയെ വധിക്കാനായി കൊലയാളി ഗണേഷ് മിസ്കിനെ സഹായിച്ചത് ബെല്‍ഗാവി സ്വദേശിയായ പ്രവീണ്‍ പ്രകാശ് ചാതുറി(27)നെയാണ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി എസ്ഐടി അറിയിച്ചു. കൊലപാതകം നടത്തുന്നതിനായിയെത്തിയ ഗണേഷ് മിസ്കിനെ ബൈക്കില്‍ കല്‍ബുര്‍ഗിയുടെ വീട്ടിലെത്തിച്ചത് പ്രവീണ്‍ പ്രകാശാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 

പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ സംഘത്തിലെ പ്രധാനികളിലൊരാളായ അമോല്‍ കാലെയെ കഴിഞ്ഞ ദിവസം എസ്ഐടി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവീണ്‍ പ്രകാശിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ദാര്‍വാദ് കോടതിയില്‍ ഹാജരാക്കി ജൂണ്‍ 7 വരെ കസ്റ്റഡില്‍ വാങ്ങി. 

ഈ സംഘം തന്നെയാണ് ഗൗരി ലങ്കേഷ് വധക്കേസിന് പിന്നിലും പ്രവര്‍ത്തിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. 2015 ഓഗസ്റ്റ് 30 നാണ് എം എം കല്‍ബുര്‍ഗി കൊല്ലപ്പെടുന്നത്. വീട്ടിലെത്തിയ അക്രമി സംഘം കല്‍ബുര്‍ഗിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായ ഒരു അറസ്റ്റ് നടത്താന്‍ കഴിഞ്ഞത്.