Asianet News MalayalamAsianet News Malayalam

കള്ളക്കുറിച്ചി ദുരന്തം: പഴകിയ മെഥനോൾ ഉപയോഗിച്ചതും തെറ്റായ അനുപാതത്തിൽ വാറ്റിയതുമാണ് ദുരന്ത കാരണമെന്ന് പൊലീസ്

കള്ളക്കുറിച്ചിയിലെ വാറ്റുകാർ സ്ഥിരമായി അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു.

Kallakurichi hooch tragedy old methanol distilled in wrong ratio police says
Author
First Published Jun 23, 2024, 9:34 AM IST

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 56 ആയി. വിഷമദ്യത്തിൽ ഉപയോഗിച്ച മെഥനോൾ, പ്രധാന വിതരണക്കാരനായ മാധേഷ് വാങ്ങിയത് മറ്റൊരാളുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ചാണെന്ന് സിബിസിഐഡി സംഘം കണ്ടെത്തി. വ്യാജമദ്യം വാറ്റിയപ്പോഴുള്ള അനുപാതം തെറ്റിയതും പഴകിയ മെഥനോൾ ഉപയോഗിച്ചതുമാണ് ഇത്ര വലിയ ദുരന്തത്തിന് വഴിവച്ചതെന്നാണ് മദ്യസാമ്പിൾ പരിശോധിച്ചപ്പോൾ വ്യക്തമായത്.

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിന് വഴി വച്ച മെഥനോൾ വന്ന വഴി അന്വേഷിച്ച് പോയ സിബിസിഐഡി സംഘത്തിന് കണ്ടെത്താനായത് വ്യാജമദ്യ മാഫിയയുടെ തട്ടിപ്പ് വഴികളുടെ വിശദ വിവരങ്ങളാണ്. പരിശോധനയില്ലാതെ ഇത്രയധികം മെഥനോൾ ചെക്ക് പോസ്റ്റിലൂടെ കടത്താനാകില്ലെന്ന് ഉറപ്പിച്ച പൊലീസ്, വീപ്പകൾ കൊണ്ട് വന്ന ദിവസത്തെ ചെക്ക് പോസ്റ്റ് രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രധാന വിതരണക്കാരനായ മാധേഷ് ഉപയോഗിച്ചത് മറ്റൊരാളുടെ ജിഎസ്ടി നമ്പർ ആണെന്ന് വ്യക്തമായത്. പൻറുട്ടിയിലുള്ള ഒരു ഹോട്ടലുടമ ശക്തിവേലിന്‍റെ പേരിലുള്ള ജിഎസ്‍ടി നമ്പറാണ് മാധേഷ് ഉപയോഗിച്ചത്. താൻ ജിഎസ്‍ടി റജിസ്ട്രേഷന് അപേക്ഷിച്ചിട്ടുണ്ടെന്നും അത് വരെ ഉപയോഗിക്കാൻ തരണമെന്നും ശക്തിവേലിനോട് പറഞ്ഞ മാധേഷ് കമ്മീഷൻ നൽകാമെന്നും വാഗ്ദാനം ചെയ്തു. 

ഈ ജിഎസ്ടി നമ്പർ ഉപയോഗിച്ച് മാധേഷ് ആന്ധ്രയിൽ നിന്ന് തിന്നറും മെഥനോളും കടത്തി. നാല് തവണയാണ് ആകെ ഈ ജിഎസ്‍ടി നമ്പർ ചെക്പോസ്റ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് തവണ കൊണ്ട് വന്നത് തിന്നറാണ്. നാലാം തവണ കൊണ്ട് വന്നത് മെഥനോളും. കൊണ്ടുവന്ന സ്റ്റോക്കെല്ലാം സൂക്ഷിച്ചത് പൻറുട്ടിയിൽ ശക്തിവേലിന്‍റെ ഹോട്ടലിന് പിന്നിലായിരുന്നു. മെഥനോൾ വാങ്ങിക്കൊണ്ട് വന്നത് തനിക്കറിയില്ലെന്നാണ് ശക്തിവേൽ മൊഴി നൽകിയിരിക്കുന്നത്. അതേസമയം മദ്യം വാറ്റിയതിന്‍റെ അനുപാതം തെറ്റായിരുന്നെന്ന് ഗോവിന്ദരാജു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 25 ലിറ്റർ സ്പിരിറ്റ്‌ അതിന്റെ ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് ഇയാൾ വാറ്റിയിരുന്നത്. അത് തെറ്റി. കൂടെ ഉപയോഗിച്ചത് പഴയ മെഥനോളും. അക്ഷരാർത്ഥത്തിൽ വിഷമാണ് പാക്കറ്റുകളിലും കുപ്പികളിലുമാക്കി ഗോവിന്ദരാജുവും സഹായികളും കള്ളക്കുറിച്ചിക്കാർക്ക് വിറ്റത്.

കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷ വിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി, അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ചെങ്കൽപ്പേട്ടിലും വിളുപുരത്തും നടന്ന വ്യാജ മദ്യ ദുരന്തത്തിൽ നടപടിയെടുത്തതിന്‍റെ വിവരങ്ങളെവിടെ എന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ഇവിടെ നഷ്ടമാകുന്നത് മനുഷ്യ ജീവനുകളാണെന്നും കോടതി പറഞ്ഞു. 

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷമദ്യ ദുരന്തം ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് അണ്ണാ ഡിഎംകെയുടെ നീക്കം. കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാർഡുകളുമായി സഭ തുടങ്ങിയപ്പോൾ തന്നെ എത്തിയ അണ്ണാ ഡിഎംകെ എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കുറിച്ചി മദ്യദുരന്തം: വിഷമദ്യം വിതരണം ചെയ്തയാൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios