ദില്ലി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ബിജെപിയിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തുന്നു. ഗവര്‍ണര്‍ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് എത്തുന്നത്. 

പാര്‍ട്ടിയിലേക്കുള്ള അദ്ദെഹത്തിന്‍റെ തിരിച്ചു വരവ് ഒബിസി വിഭാഗത്തെയും ലോദ് വിഭാഗത്തെയും ബിജെപിയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബിജെപി ഘടകം. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.

'കല്യാണ്‍ സിംഗ് ബിജെപിയുടെ സമുന്നതനായ നേതാവാണ്. താഴെക്കിടയിലുള്ള ജനങ്ങളെ കേള്‍ക്കാനും മനസിലാക്കാനുമുള്ള കഴിവ് അദ്ദേഹത്തെപോലുള്ള വഴരെ കുറഞ്ഞ നേതാക്കള്‍ക്ക് മാത്രമേ ലഭിക്കൂ. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി പരിചയം പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി സംസ്ഥാന വക്താവ് രാകേഷ് ത്രിപാദി വ്യക്തമാക്കി.